അതിദാരിദ്ര്യ നിർമാർജനം പ്രഖ്യാപിക്കുന്നതിന് മുന്‍പായി സംശയങ്ങള്‍ ഉന്നയിച്ച ഡോ. ആർ.വി.ജി മേനോനും ഡോ. എം.എ. ഉമ്മനും അടക്കമുള്ള വിദഗ്ധര്‍ക്ക് മറുപടി പറഞ്ഞും പരിഹസിച്ചും മന്ത്രി എം.ബി.രാജേഷ്. ഇന്ന് രാവിലെയല്ല, ആദ്യമന്ത്രിസഭായോഗത്തില്‍ തന്നെ തീരുമാനിച്ച് വിദഗ്ധപഠനം നടത്തിയാണ് പദ്ധതി ആസൂത്രണം ചെയ്തത്. വിദഗ്ധര്‍ക്ക് രാഷ്ട്രീയ ലക്ഷ്യമുണ്ടോയെന്ന് പരിശോധിക്കണമെന്നു പറഞ്ഞ മന്ത്രി കത്തില്‍ ഒപ്പിട്ടവര്‍ പലരും ചോദ്യങ്ങള്‍ വായിച്ചിട്ടുണ്ടാവില്ലെന്നും പരിഹസിച്ചു.
അതിദാരിദ്ര്യ നിർമാർജന പ്രഖ്യാപനം നാളെ ഔദ്യോഗികമായി നിയമസഭയിൽ സർക്കാർ നടത്താനിരിക്കെയാണ് കുറിക്കു കൊള്ളുന്ന 10 ചോദ്യങ്ങളുമായി സംസ്ഥാനത്തെ ഏറ്റവും പ്രമുഖരായ സാമ്പത്തിക- സാമൂഹിക ശാസ്ത്ര വിദഗ്ധർ രംഗത്തെത്തിയത്. സൗജന്യ റേഷൻ വാങ്ങുന്ന 5. 92 ലക്ഷം മഞ്ഞകാർഡുള്ള ദരിദ്ര ജനവിഭാഗം കേരളത്തിലുള്ളപ്പോൾ അതിദരിദ്രരുടെ എണ്ണം 64,006 മാത്രമാണെന്ന് സർക്കാർ പറയുന്നത് എങ്ങിനെയെന്ന ചോദ്യമാണ് ഉയരുന്നത്. അതിദാരിദ്ര്യം ഇല്ലാതെയാക്കി എന്നതിന് എന്തു വസ്തുതാപരമായ പിൻ ബലമുണ്ടെന്നും വിദഗ്ധർ ചോദിക്കുന്നു.
ഒരു ലക്ഷത്തി പതിനാറായിരം അതി ദരിദ്ര ആദിവാസി കുടുംബങ്ങൾ ഉണ്ടെന്ന് 2011 സെൻസസ് പറയുന്നു. ഇപ്പോൾ അത് സർക്കാർ കണക്കിൽ വെറും 6400 ആയി ചുരുങ്ങിയത് എന്ത് ഇന്ദ്രജാലമാണ്? 9.233 രൂപ മാത്രം ദിവസക്കൂലി ലഭിക്കുന്ന ആശാ വർക്കേഴ്സ് ഉൾപ്പെടെയുള്ളവർ അതി ദരിദ്ര വിഭാഗത്തിലല്ലെ? എന്ത് മാനദണ്ഡം ഉപയോഗിച്ച്, ആരാണ് സംസ്ഥാനത്തെ അതി ദരിദ്രരെ തീരുമാനിച്ചത് എന്ന വിദഗ്ധരുടെ ചോദ്യത്തിന് മന്ത്രി എം ബി രാജേഷിന്റെ മറുപടി പറഞ്ഞു.
അതിദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്തു എന്നാണ് അവകാശവാദവെന്നും ദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്തു എന്നല്ലെന്നും മന്ത്രി പറഞ്ഞു. ഇതുവരെ ഒരു സര്‍ക്കാര്‍ പദ്ധതിയുടെയും ആനുകൂല്യം ലഭിക്കാത്തവരാണ് ഉള്‍പ്പെട്ടത്. അതിജീവനം തന്നെ അസാധ്യമായവരെയാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടതെന്നും മന്ത്രി പറഞ്ഞു.
ആരാണ് അതിദരിദ്രര്‍ എന്നു നിര്‍ണയിച്ചത് എങ്ങനെ എന്ന് വിശദമാക്കിയതാണ്. ക്രെഡിറ്റ് നരേന്ദ്ര മോദിക്ക് ആണെന്ന് ഒരു കൂട്ടര്‍ പറയുന്നുണ്ട്. എന്നാല്‍ ഇന്ത്യ മുഴുവന്‍ അതിദരിദ്രര്‍ ഇല്ലാത്ത രാജ്യമാക്കിയ ശേഷം ക്രെഡിറ്റ് എടുക്കാം എന്ന് മന്ത്രി പറഞ്ഞു.
പ്രത്യേക നിയമ സഭാസ മ്മേളനം വിളിച്ച് അതിദാരിദ്യം ഇല്ലാതാക്കി എന്ന് സർക്കാർ നേട്ടമായി പറഞ്ഞാലും, ഡോ. എം.എ. ഉമ്മൻ ഡോ. കെ.പി. കണ്ണൻ ഡോ.ജെ ദേവിക തുടങ്ങിയവർ ഉയർത്തിയ ചോദ്യങ്ങൾ വരും ദിനങ്ങളിൽ ആവർത്തിച്ച് ഉന്നയിക്കപ്പെടും.
അതിദാരിദ്ര്യനിര്‍മാര്‍ജനത്തിന് അടിസ്ഥാനം കേന്ദ്രപദ്ധതികളെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. പതിനൊന്നു വര്‍ഷം കൊണ്ട് ഇന്ത്യയില്‍ 17 കോടി പേര്‍ അതിദാരിദ്യത്തിന് പുറത്തുകടന്നുവെന്ന് ലോകബാങ്ക് റിപ്പോര്‍ട്ടുണ്ട്. ഇതില്‍ ഉത്തര്‍പ്രദേശിലെ മൂന്നു കോടി ജനങ്ങളുണ്ട്. കേരളത്തില്‍ മുഖ്യമന്ത്രിക്ക് വേണമെങ്കില്‍ ക്രെഡിറ്റ് എടുക്കാമെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.