binoy-viswom

പി.എം.ശ്രീ വിഷയത്തിന്റെ ഇടഞ്ഞു നില്‍ക്കുന്ന സി.പി.ഐ നാളെത്തെ മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കില്ല . സി.പി.ഐ അവെയ്‌ലബിള്‍ സെക്രട്ടേറിയറ്റിലാണ് നിര്‍ണായക തീരുമാനമെടുത്തത്. പ്രശ്നപരിഹാരത്തിനായി സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി ഇടപെട്ടെങ്കിലും ഫലംകണ്ടില്ല. ബിനോയ് വിശ്വവുമായി ബേബി ഫോണില്‍ സംസാരിച്ചു. എന്നാല്‍ വിട്ടുവീഴ്ചക്കില്ലെന്ന നിലപാടില്‍ സിപിഐ ഉറച്ചു നിന്നു. പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറാതെ ഒരു ഒത്തുതീര്‍പ്പിനും വഴങ്ങേണ്ടെന്നാണ് സിപിഐയുടെ തീരുമാനം. പാര്‍ട്ടി പറഞ്ഞാല്‍ എന്തും അനുസരിക്കുമെന്ന് മന്ത്രിമാരായ ജി.ആര്‍.അനിലും പി.പ്രസാദും പ്രതികരിച്ചു.  

Also Read:  മുന്നണിയിൽ സി.പി.ഐ വേണോ പി.എം. ശ്രീ വേണോ?: മുഖ്യമന്ത്രി വിശദീകരിച്ചിട്ടും വഴങ്ങാതെ സി.പി.ഐ

മന്ത്രിസഭായോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കാല്‍ തീരുമാനിച്ചതോടെ സര്‍ക്കാര്‍ നേരിടാന്‍ പോകുന്നത് സമാനതകളില്ലാത്ത പ്രതിസന്ധിയാണ്.  കേരളത്തില്‍ ഉരുണ്ടുകൂടിയിരിക്കുന്ന ന്യൂനമര്‍ദത്തേക്കാള്‍ വലിയ കാറും കോളുമാണ് ഇടതുമുന്നണിയില്‍. നാളെ രാവിലെ 9ന് ചേരുന്ന മന്ത്രിസഭായോഗത്തില്‍ അത് ഇടിവെട്ടി തകര്‍ത്ത് പെയ്യുമോയെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. അതിന് കച്ചമുറുക്കിയിരിക്കുകയാണ് ഇന്നലെ വൈകിട്ട് മുതല്‍ സി.പി.ഐ.

മുഖ്യമന്ത്രി നേരിട്ട് നടത്തിയ ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞത്  പദ്ധതി നടത്തിപ്പിന് മന്ത്രിസഭ ഉപസമിതിയെ വെക്കാമെന്നും. എല്‍.ഡി.എഫില്‍ ആലോചിച്ച ശേഷം തുടര്‍നടപടിയിലേക്ക് കടക്കാമെന്നുമുള്ള രണ്ട് നിര്‍ദേശമായിരുന്നു. എന്നാല്‍ ഒപ്പിട്ട കാര്യം മന്ത്രിസഭായോഗത്തില്‍ പറയാതെ കബളിപ്പിച്ചത് പോലെ വീണ്ടും പറ്റിക്കാനുള്ള നീക്കമായിരുന്നു മുഖ്യമന്ത്രിയുടെ ഈ നിര്‍ദേശമെന്നാണ് സി.പി.ഐയുടെ സംശയം. രണ്ടാഴ്ച കഴിയുമ്പോള്‍ തദ്ദേശതിരഞ്ഞെടുപ്പ് വിഞ്ജാപനം വരും.പിന്നീട് മന്ത്രിസഭാ ഉപസമിതി തീരുമാനിച്ചാലും കരാറില്‍ നിന്ന് പിന്‍മാറാനാകാതെ വരും. അങ്ങിനെ സി.പി.ഐ വീണ്ടും കബളിപ്പിക്കപ്പെടുമെന്നും കരുതുന്ന  സി.പി.ഐ പദ്ധതിയില്‍ പിന്ന് പിന്‍മാറുകയല്ലാതെ മറ്റൊരു പരിഹാരവുമില്ലെന്ന് ഉറപ്പിക്കുന്നു.

കായല്‍ കയ്യേറ്റത്തില്‍ പ്രതിക്കൂട്ടിലായ തോമസ് ചാണ്ടിയ്ക്കെതിരെ പ്രതിഷേധിച്ച് 2017 നവംബര്‍ 15ന് നടന്ന മന്ത്രിസഭായോഗത്തില്‍ നിന്ന് മാറിനിന്നത് മാത്രമാണ് പിണറായിക്കാലത്തെ ഏക പ്രതിഷേധം. അന്ന് തന്നെ തോമസ് ചാണ്ടി രാജിവെച്ചതോടെ പ്രശ്നം പരിഹരിക്കുകയും സി.പി.ഐക്ക് അടുത്ത മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കാനും സാധിച്ചു. എന്നാല്‍ നാളെ മാറിനില്‍ക്കുകയും സര്‍ക്കാര്‍ പി.എം ശ്രീയുമായി മുന്നോട്ട് പോവുകയും ചെയ്താല്‍ സി.പി.ഐ പിന്നീട് എങ്ങിനെ മന്ത്രിസഭയില്‍ കയറും, സര്‍ക്കാര്‍ എങ്ങിനെ നിലനില്‍ക്കും.ഇത്തരം ഗുരുതര പ്രതിസന്ധിയിലാണ് ഇടത് മുന്നണിയും സര്‍ക്കാരും നീങ്ങുന്നത്.  

ENGLISH SUMMARY:

CPI boycott of cabinet meeting creates unprecedented crisis for Kerala government. The disagreement over the PM Shree project has led to a major rift within the Left Democratic Front.