സി.പി.ഐ മന്ത്രിമാര്‍ വിട്ടുനിക്കുന്ന മന്ത്രിസഭായോഗത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കുമ്പോളും കാര്യമായ അനുനയ ചര്‍ച്ചകളിലേക്ക് കടക്കാതെ സി.പി.എം. മുഖ്യമന്ത്രി ഉറപ്പുനല്‍കിയിട്ടും വഴങ്ങാത്ത സി.പി.ഐ നിലപാടിനോട് സി.പി.എം നേതാക്കള്‍ക്ക് കടുത്ത അതൃപ്തി. പി.എം ശ്രീയുടെ പേരിലുള്ളത് തെറ്റായ പ്രചാരണങ്ങളെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. അതിനിടെ നേതാക്കള്‍ക്കിടയില്‍ സ്വകാര്യ ചര്‍ച്ചകള്‍ക്കും സാധ്യതയുണ്ട്.
മുന്നണിയില്‍ സി.പി.ഐ വേണോ പി.എം ശ്രീ വേണോ–ഇക്കാര്യം സി.പി.എമ്മിന് തീരുമാനിക്കാമെന്ന് സി.പി.ഐ പറയുമ്പോള്‍, പറയാനുള്ളതെല്ലാം കൃത്യമായി വിശദീകരിച്ച് കഴിഞ്ഞെന്നാണ് സി.പി.എം നിലപാട്. അതും മുഖ്യമന്ത്രി നേരിട്ട്. ബി.ജെ.പി നയത്തിന് കീഴടങ്ങുകയല്ലെന്നും ഫണ്ടാണ് മുഖ്യമെന്നും വിശദീകരിച്ചിട്ടും വഴങ്ങാത്ത സി.പി.ഐ നിലപാട് മുഖ്യമന്ത്രിയേയും സി.പി.എമ്മിനെയും സംശയത്തില്‍ നിലനിര്‍ത്തുന്നതാണെന്നും അവര്‍ കുറ്റപ്പെടുത്തുന്നു. അതുകൊണ്ട് തന്നെ ഇന്നലെ വൈകുന്നേരത്തിന് ശേഷം യാതൊരു ചര്‍ച്ചയും ഇരു പാര്‍ട്ടികള്‍ക്കുമിടയില്‍ നടന്നിട്ടില്ല. അതിനിടെ ആരോപണങ്ങളെയെല്ലാം തള്ളിക്കൊണ്ടും വിദ്യാഭ്യാസ രംഗത്തെ കേരള മാതൃക തുടരുമെന്ന് വിശദീകരിച്ചും വിദ്യാഭ്യാസമന്ത്രി പാര്‍ട്ടി മുഖപത്രത്തില്‍ ലേഖനമെഴുതി. പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്നും വിവാദം അടിസ്ഥാനമെന്നും വിശദീകരിക്കുന്ന ഈ ലേഖനം സി.പി.ഐക്കുള്ള മുന്നറിയിപ്പും മറ്റൊരു വിശദീകരണവുമാണ്. ലേഖനത്തിനപ്പുറം മറ്റൊന്നും പറയാന്‍ ഇന്ന് വിദ്യാഭ്യാസമന്ത്രി തയാറായിട്ടില്ല.
മുഖ്യമന്ത്രിയും എം.വി.ഗോവിന്ദനും എല്‍.ഡി.എഫ് കണ്‍വീനറും ഇന്ന് തലസ്ഥാനത്തില്ല. ബിനോയ് വിശ്വം മാത്രമാണ് തിരുവനന്തപുരത്തുള്ളത്. അതുകൊണ്ട് തന്നെ വരുന്ന മണിക്കൂറുകളിലും ഒരുമിച്ചൊരു ചര്‍ച്ചക്ക് സാധ്യത കാണുന്നില്ല. മുന്നണിയിലെ മറ്റ് കക്ഷികള്‍ തര്‍ക്കത്തില്‍ ഇടപെട്ടിട്ടുമില്ല. അതിനിടെ ഫോണിലൂടെയുള്ള സംസാര സാധ്യത മന്ത്രിമാരും നേതാക്കളും തള്ളുന്നില്ല. അതും ഉണ്ടായില്ലങ്കില്‍ നാളത്തെ മന്ത്രിസഭായോഗത്തില്‍ എന്തുംസംഭവിക്കാം.