• മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ച് CPI മന്ത്രിമാര്‍
  • നാല് മന്ത്രിമാരുടെ ഒപ്പിട്ട കത്ത് മുഖ്യമന്ത്രിക്ക് നല്‍കി
  • പിഎം ശ്രീയില്‍ വഞ്ചിക്കപ്പെട്ടുവെന്ന് CPI മന്ത്രിമാര്‍

പിഎം ശ്രീ പദ്ധതിയില്‍  മുഖ്യമന്ത്രി പിണറായി വിജയനെ അതൃപ്തി അറിയിച്ച്  സിപിഐ മന്ത്രിമാര്‍. നാല് മന്ത്രിമാരുടെ ഒപ്പിട്ട കത്ത് മുഖ്യമന്ത്രിക്ക് നല്‍കി. പിഎം ശ്രീയില്‍ വഞ്ചിക്കപ്പെട്ടുവെന്ന് സിപിഐ മന്ത്രിമാര്‍. മന്ത്രിസഭാ യോഗത്തില്‍ ഉന്നയിച്ചപ്പോഴും ഒപ്പിട്ടത് പറഞ്ഞില്ല. അതിനുമുന്‍പുതന്നെ ധാരാണാപത്രം ഒപ്പിട്ടെന്നാണ് വിവരം. ഇത് തീര്‍ത്തും തെറ്റായ രീതിയെന്ന് മന്ത്രിമാര്‍ അറിയിച്ചു.

പിണറായി–ബിനോയ് വിശ്വം കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ മനോരമ ന്യൂസിന്. സര്‍ക്കാരിന് പണം പ്രധാനമെന്ന് പിണറായി വിജയന്‍. പിഎം ശ്രീയില്‍നിന്ന് പിന്‍മാറില്ലെന്ന് മുഖ്യമന്ത്രി. പദ്ധതി എങ്ങനെ ബാധിക്കുമെന്ന് പരിശോധിക്കാമെന്ന് ബിനോയ് വിശ്വവുമായുള്ള കൂടിക്കാഴ്ചയില്‍ പറഞ്ഞു. മന്ത്രിസഭാ,  എല്‍ഡിഎഫ് ഉപസമിതിയെ നിയോഗിക്കാം. നിര്‍ദേശങ്ങള്‍ തള്ളി ബിനോയ് വിശ്വം. പദ്ധതിയില്‍നിന്ന് പിന്‍മാറുകയാണ് ഏക പരിഹാരമെന്നും ബിനോയ് വിശ്വം പറഞ്ഞു.

പി.എം ശ്രീ വിവാദത്തില്‍ ഇടഞ്ഞ സിപിഐയെ അനുനയിപ്പിക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രമങ്ങള്‍ പാളി. ആലപ്പുഴ ഗസറ്റ് ഹൗസില്‍വച്ച് മുഖ്യമന്ത്രിയും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും തമ്മില്‍ ഒരു മണിക്കൂറോളം ചര്‍ച്ച നടത്തിയിട്ടും മഞ്ഞുരുകിയില്ല. ഉന്നയിച്ച വിഷയങ്ങള്‍ക്ക് പരിഹാരമുണ്ടായില്ലെന്നും വിഷയങ്ങള്‍ ബാക്കി നില്‍ക്കുകയാണെന്നും  ബിനോയ് വിശ്വം പറഞ്ഞു.  ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തില്‍നിന്ന് സിപിഐ മന്ത്രിമാര്‍ വിട്ടുനിൽക്കും.  എന്നാൽ ഇക്കാര്യത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി പരസ്യ പ്രഖ്യാപനം നടത്തിയിട്ടില്ല. കരാറിൽ നിന്ന് സർക്കാർ പിൻമാറണമെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജയും ആവശ്യപ്പെട്ടു സമ്മർദം ശക്തമാക്കി

 

ഒരു പകൽ നീണ്ടു  നിന്ന സസ്പെൻസിന് ഒടുവിൽ സിപിഐയെ  ഒപ്പം നിർത്താനുള്ള മുഖ്യമന്ത്രിയുടെ തന്ത്രം പാളിപ്പോകുന്നതാണ് ആലപ്പുഴയിൽ കണ്ടത്. സിപിഐയുടെ നിർവാഹക സമിതി യോഗത്തിന് മുമ്പ് രണ്ടു തവണ ബിനോയ് വിശ്വത്തെ ബന്ധപ്പെട്ട കടുത്ത തീരുമാനങ്ങൾ എടുക്കരുതെന്ന്  മുഖ്യമന്ത്രി അഭ്യർത്ഥിച്ചതോടെ സിപിഎം പിന്നോട്ട് പോകുന്നു എന്ന പ്രതീതി ഉണ്ടായി. ഇതോടെ രാവിലെ ചേർന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് മുഖ്യമന്ത്രി ബിനോയി ചർച്ചയ്ക്ക് ശേഷം തീരുമാനമെന്ന് വ്യക്തമാക്കി.  നിലപാടിൽ ഒരു വിട്ടുവീഴ്ചയും വേണ്ടെന്നും എക്സിക്യൂട്ടീവ് ബിനോയ് വിശ്വത്തിന് നിർദ്ദേശം കൊടുത്തത്. മൂന്നരയ്ക്ക് ആലപ്പുഴ ഗസ്റ്റ് ഹൗസിൽ നടന്ന ചർച്ചയിൽ സംസ്ഥാന സർക്കാരിന് പണം പ്രധാനമാണെന്നും പി എം ശ്രീ പദ്ധതിയിൽ നിന്നും പിന്മാറാവില്ലെന്നും മുഖ്യമന്ത്രി ബിനോയ്  വിശ്വത്തെ അറിയിച്ചു.

 

പി എം ശ്രീ എങ്ങനെ ബാധിക്കും എന്ന് പരിശോധിക്കാൻ മന്ത്രിസഭാ ഉപസമിതിയെയോ എൽഡിഎഫ് ഉപസമിതിയോ വയ്ക്കാമെന്ന് മുഖ്യമന്ത്രിയുടെ നിർദ്ദേശങ്ങൾ  ബിനോയ് വിശ്വം തള്ളി. ധാരണ പത്രത്തിൽ നിന്നും പിന്മാറുക മാത്രമാണ് ഏക പരിഹാരമെന്ന് ബിനോയ് വിശ്വം മുഖ്യമന്ത്രിയോട് പറഞ്ഞു. തുടർന്ന് ചേർന്ന  സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആണ് ബുധനാഴ്ചത്തെ മന്ത്രിസഭായോഗത്തിൽ നിന്നും മന്ത്രിമാർ വിട്ടുനിൽക്കണം എന്ന കാര്യത്തിൽ നിർദേശം കൊടുത്തത്. ഒന്നര ദിവസം ബാക്കി നിൽക്കുന്നതിനാൽ തീരുമാനം പ്രഖ്യാപിക്കാതെ ചർച്ച പരാജയപ്പെടുവെന്ന് ബിനോയ് സമ്മതിച്ചു. 

 

പാർട്ടി സംസ്ഥാന ഘടകത്തിന് പൂർണ്ണ പിന്തുണ നൽകിയ ജനറൽ സെക്രട്ടറി ഡി രാജ എം ഒ യു പിൻവലിക്കാൻ സർക്കാർ തയ്യാറാകണമെന്ന് കടുപ്പിച്ചു  പറഞ്ഞു. മന്ത്രിസഭയിൽ നിന്ന് വിട്ടു നിൽക്കുമോ എന്ന ചോദ്യത്തിന് മുഖ്യമന്ത്രിയുടെ തീരുമാനം വരട്ടെ എന്ന് മറുപടി

 

പി എം ശ്രീ പദ്ധതിയുടെ ധാരണപത്രം ഒപ്പിടുന്ന കാര്യത്തിൽ വഞ്ചിക്കപ്പെട്ടു എന്ന് സിപിഐ മന്ത്രിമാർ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് അതൃപ്തി അറിയിച്ചു

അതൃപ്തി അറിയിച്ച് കൊണ്ട് നാല് സിപിഐ മന്ത്രിമാരും  ഒപ്പിട്ട കത്ത് മുഖ്യമന്ത്രിക്ക് നൽകി. 22ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ വിഷയം ഉന്നയിച്ചപ്പോഴും ഒപ്പിടുന്ന കാര്യം പറഞ്ഞിരുന്നില്ല. ഇത് തീർത്തും തെറ്റായ രീതിയാണെന്ന് സിപിഐ മന്ത്രിമാർ മുഖ്യമന്ത്രിയെ അറിയിച്ചു. നവംബർ നാലിന് ചേരുന്ന  പാർട്ടി സംസ്ഥാന കൗൺസിൽ കടുത്ത തീരുമാനങ്ങൾ എടുക്കുമെന്ന സൂചനയാണ് നൽകുന്നത്.

ENGLISH SUMMARY:

CPI ministers have conveyed their dissatisfaction to Chief Minister Pinarayi Vijayan over the PM SHRI scheme, alleging they were misled about the signing of the agreement. Pinarayi stated that financial aspects are a priority for the government and ruled out withdrawing from the scheme. CPI State Secretary Binoy Viswam rejected the CM’s proposal for a sub-committee and maintained that withdrawal is the only solution. The CPI State Council will meet on November 4 to decide the party’s next move.