പിഎംശ്രീ പദ്ധതിയെച്ചൊല്ലി സിപിഎമ്മുമായി ഇടഞ്ഞു നില്‍ക്കുന്ന സിപിഐയെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്ത് കോണ്‍ഗ്രസിന്‍റെ യുവ നേതാക്കള്‍. കേന്ദ്ര സർക്കാരിന്റെ പിഎംശ്രീ പദ്ധതിയിൽ സംസ്ഥാനം ഒപ്പു വച്ചതിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. വിഷയത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയാറാകാതെ കടുത്ത നിലപാട് സ്വീകരിക്കുന്ന സിപിഐയെ സ്വാഗതം ചെയ്തും സിപിഎമ്മിനെ പരിഹസിച്ചുമാണ് നേതാക്കള്‍ രംഗത്തെത്തിയത്.
‘കാക്ക കാലിന്റെ പോലും തണൽ ഇല്ലാത്ത രക്തഗന്ധം വമിക്കുന്ന ആ ശ്മശാന ഭൂമിയിൽ നിന്നും ജീർണ്ണതയുടെ അഴുകിയ വസ്ത്രങ്ങൾ അഴിച്ച് വച്ച് പ്രതീക്ഷയുടെ പുത്തൻ വസ്ത്രങ്ങൾ അണിയാൻ നിങ്ങൾ തയ്യാറാകണം.’ എം.എന്‍.വിജയന്റെ ഉദ്ധരണി പങ്കുവെച്ചുകൊണ്ട് യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി അബിന്‍ വര്‍ക്കി ഫെയ്സ്ബുക്കില്‍ കുറിച്ചു.
കേരളത്തിലെ ഏറ്റവും മികച്ച മുഖ്യമന്ത്രിമാരിൽ ഒരാളായിരുന്ന സി.അച്യുതമേനോന്റെ പാർട്ടിക്ക്, നിലപാടുകളിലൂടെ സിപിഐയെ വാനോളം ഉയർത്തിയ സി.കെ.ചന്ദ്രപ്പന്റെ പാർട്ടിക്ക്, ആദർശത്തിലൂടെ പാർട്ടിയെ നയിച്ച വെളിയം ഭാർഗവന്റെ പാർട്ടിക്ക് ഇങ്ങനെയൊരു ഗതികേടിന്റെ ആവശ്യമുണ്ടോയെന്നും അബിന്‍ ചോദിക്കുന്നു. ഇത് വരെ ശ്രീ വിജയൻ, ഇനി മുതൽ വിജയൻ ശ്രീ. ശ്രീ.പി.എം ശ്രിന്താബാദ്…എന്നായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ പരിഹാസം.
എൽഡിഎഫ് വിട്ടാൽ സിപിഐ വഴിയാധാരമാകില്ലെന്ന് കെപിസിസി വൈസ് പ്രസിഡന്‍റ് വി.ടി.ബൽറാം ഫെയ്സ്ബുക്കിൽ കുറിച്ചു. ‘മുന്നണി പോകേണ്ട വഴി ഇതല്ല എന്ന് ബോധ്യമുള്ളവർക്ക് മുന്നിൽ രണ്ട് വഴികളാണുള്ളത്: മുന്നണിയുടെ വഴിപിഴച്ച പോക്കിനെ തിരുത്തുക, അല്ലെങ്കിൽ മുന്നണിയിൽ നിന്ന് പുറത്തേക്കുള്ള വഴി തേടുക. വഴിയാധാരമാവില്ല, ഉറപ്പ്.’ എന്നാണ് വി.ടി.ബൽറാമിന്‍റെ കുറിപ്പ്. യുഡിഎഫ് കൺവീനർ അടുര്‍ പ്രകാശ് നേരത്തെ തന്നെ സിപിഐയെ മുന്നണിയിലേക്ക് സ്വാഗതം ചെയ്തിരുന്നു. സിപിഐ തീരുമാനം പറയട്ടെയെന്ന് വി.ഡി.സതീശനും പ്രതികരിച്ചിരുന്നു.