പിഎം ശ്രീ പദ്ധതിയില്‍ കേരളം ഒപ്പുവച്ചതില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ഭയം കൊണ്ടാണ് സംസ്ഥാനം പദ്ധതിയില്‍ ഒപ്പുവച്ചത്. നിബന്ധനകളില്‍ എതിര്‍പ്പ് അറിയിക്കാതെയാണ് ഒപ്പുവച്ചത്. മറ്റു പദ്ധതികള്‍ക്ക് പണം നല്‍കില്ലെന്ന കേന്ദ്രസര്‍ക്കാരിന്‍റെ ഭീഷണിക്ക് കേരളം വഴങ്ങിയെന്നും സതീശന്‍ കുറ്റപ്പെടുത്തി. പ്രതിപക്ഷവുമായോ മുന്നണിയിലെ ഘടകകക്ഷികളുമായോ ആലോചിക്കാതെയാണ് തീരുമാനമെന്നും പ്രതിപക്ഷ നേതാവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സിപിഎമ്മിന് മറ്റുള്ളവരെക്കാള്‍ വലുത് ബിജെപിയായതിനാല്‍ ആണ് ഇത്തരത്തില്‍ പെരുമാറുന്നതെന്നും അദ്ദേഹം ആരോപിച്ചു.
സിപിഐയുടെ കടുത്ത പ്രതിഷേധം വകവയ്ക്കാതെയാണ് പിഎം ശ്രീയില്‍ കേരളം ഒപ്പുവച്ചത്. സംസ്ഥാന പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ. വാസുകി ഡല്‍ഹിയിലെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലെത്തിയാണ് ധാരണാപത്രം ഒപ്പിട്ടത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുമായുള്ള തുടര്‍ ചര്‍ച്ചകള്‍ക്കായി വിദ്യാഭ്യാസമന്ത്രി ശിവന്‍കുട്ടി അടുത്തയാഴ്ച ഡല്‍ഹിയിലേക്ക് പോയേക്കും. രണ്ടാഴ്ച മുന്‍പ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് പദ്ധതിയില്‍ ഒപ്പിടാനുള്ള അന്തിമ തീരുമാനത്തിലേക്ക് എത്തിയതെന്നാണ് വിവരം.