കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ വെൽഫെയർ പാർട്ടിയുമായി യുഡിഎഫ് നീക്കുപോക്കുണ്ടാക്കിയിട്ടുണ്ടെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം മനോരമ ന്യൂസിനോട്. കഴിഞ്ഞ നിയമസഭാ, ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ വെൽഫെയർ പാർട്ടി യുഡിഎഫിനെ സഹായിച്ചു.
വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും വെൽഫെയർ പാർട്ടിയുമായി പ്രാദേശിക നീക്കുപോക്കുണ്ടാക്കാൻ ഞങ്ങൾക്ക് മടിയില്ല. എല്‍ഡിഎഫിന് 30 വര്‍ഷമായി വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ബന്ധമുണ്ടെന്നും പി.എം.എ.സലാം. പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ജമാഅത്തെ, വെൽഫെയർ പാർട്ടിയുമായി പലവട്ടം ചർച്ച നടത്തിയിട്ടുണ്ട്. പിണറായി വിജയനും കോടിയേരിയ്ക്കും ഒപ്പം താനും പല വട്ടം ചർച്ചകളിൽ പങ്കെടുത്തു. ഇപ്പോള്‍ എസ്ഡിപിഐയുമായി സഖ്യമുണ്ടാക്കാനുള്ള ശ്രമത്തിലാണ് സിപിഎം എന്നും പി.എം.എ സലാം വിമര്‍ശിച്ചു.
പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും കോഴിക്കോട്ടെ ഹിറാ സെന്ററിൽ എത്രതവണ പോയിട്ടുണ്ടെന്ന് എനിക്കറിയാം, ചില സന്ദർഭങ്ങളിൽ ഞാനും കൂടെ പോയിട്ടുണ്ടെന്നും പി.എം.എ.സലാം പറഞ്ഞു. വെൽഫെയർ പാർട്ടിയെ ഫാസിസ്റ്റ് എന്ന് വിളിക്കുന്ന ഇടതുപക്ഷം, എപ്പോൾ മുതലാണ് അവർ ഫാസിസ്റ്റുകളായതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുൻപ് എൽഡിഎഫിന് വേണ്ടിയും താൻ വെൽഫെയർ പാർട്ടിയുടെ പിന്തുണ തേടിയിട്ടുണ്ടെന്നും, ഇപ്പോൾ സിപിഎം പലയിടത്തും എസ്ഡിപിഐയുമായി സഖ്യമുണ്ടാക്കാൻ ചർച്ചകൾ നടത്തുകയാണെന്നും പി.എം.എ സലാം ആരോപിച്ചു. ഈ വെളിപ്പെടുത്തൽ വരും ദിവസങ്ങളിൽ കേരള രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവെക്കുമെന്ന് ഉറപ്പാണ്.