ഷാഫി പറമ്പില്‍
പേരാമ്പ്രയില്‍ പൊലീസ് നടത്തിയത് ആസൂത്രിത ആക്രമണമെന്ന് ഷാഫി പറമ്പില്‍ എം.പി. ശബരിമല സ്വര്‍ണക്കൊള്ള മറയ്ക്കാനായിരുന്നു ആക്രമണം. കൂടുതല്‍ ദൃശ്യങ്ങള്‍ ഷാഫി പറമ്പില്‍ പുറത്തുവിട്ടു. പൊലീസ് അതിക്രമത്തില്‍ പരുക്കേറ്റ പ്രവര്‍ത്തകന്റെ ചിത്രവും ഷാഫി വാര്‍ത്താസമ്മേളനത്തില്‍ കാണിച്ചു. പ്രകോപനം ഉണ്ടാക്കാന്‍ ശ്രമിച്ചിട്ടില്ല. പ്രവര്‍ത്തകരെ പിരിച്ചുവിട്ടിട്ടാണ് അന്ന് തിരിച്ചുപോയതെന്നും ഷാഫി പറഞ്ഞു.
പൊലീസുകാരന്‍ തന്റെ തലയ്ക്കടിച്ചത് മുന്നില്‍നിന്നെന്ന് ഷാഫി പറമ്പില്‍. എസ്.പി പറഞ്ഞതുപോലെ പിന്നില്‍നിന്നല്ല. സി.ഐ അഭിലാഷ് ഡേവിഡാണ് അടിച്ചത്. മൂന്നാംതവണയും എന്നെ ലക്ഷ്യമിട്ട് അടിക്കാന്‍ നോക്കി. സംഘര്‍ഷ സാഹചര്യം ഇല്ലാതിരിക്കെയാണ് ആക്രമിച്ചതെന്നും ഷാഫി പറഞ്ഞു.
പോലീസ് ആസൂത്രണം ചെയ്തതും സിപിഎം നടപ്പാക്കിയതുമായ ആക്രമണമാണെന്ന് എംപി ഷാഫി പറമ്പിൽ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ചില പോലീസുകാർ ബോധപൂർവം കുഴപ്പമുണ്ടാക്കാൻ ശ്രമിച്ചുവെന്ന് റൂറൽ എസ്പി സമ്മതിച്ചിട്ടും എന്തുകൊണ്ട് അന്വേഷണം മരവിപ്പിച്ചെന്നും ഷാഫി ചോദിച്ചു. പോലീസുകാരൻ തലയിലും മുഖത്തും പലതവണ അടിക്കുന്നതിന്റെയും മൂന്നാമതും അടിക്കാൻ ശ്രമിക്കുന്നതിന്റെയും ദൃശ്യങ്ങൾ ഷാഫി പുറത്തുവിട്ടു.
ഇത് യാദൃശ്ചികമായ സംഭവമല്ലെന്നും രാഷ്ട്രീയ പ്രേരിതമായ ആക്രമണമാണെന്നും ഷാഫി പറഞ്ഞു. ഗ്രനേഡ് കയ്യിൽ വെച്ച് ഡിവൈഎസ്പി ഹരിപ്രസാദ് ലാത്തി വീശുന്ന ദൃശ്യങ്ങളും, പരുക്കേറ്റ താൻ അഡ്മിറ്റായോ എന്ന് ഇതേ ഉദ്യോഗസ്ഥൻ ആശുപത്രിയിൽ ചോദിക്കുന്നതും ആസൂത്രണത്തിന് തെളിവാണെന്ന് ഷാഫി പറമ്പിൽ ചൂണ്ടിക്കാട്ടി.
കോളേജ് തിരഞ്ഞെടുപ്പിലെ ജയത്തിൽ പ്രകടനം നടത്താൻ പോലും യുഡിഎഫിന് അനുമതി നിഷേധിച്ച പോലീസ്, സിപിഎം പ്രകടനങ്ങൾക്ക് സൗകര്യം ഒരുക്കിക്കൊടുത്തെന്നും എഫ്ഐആറിൽ പോലും പക്ഷപാതം കാണിച്ചുവെന്നും അദ്ദേഹം ആരോപിച്ചു