തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ് തിരുവനന്തപുരം ഡി.സി.സി പ്രസിഡന്റ് സ്ഥാനം ഒഴിയാൻ താൽപര്യം അറിയിച്ച് എൻ. ശക്തൻ. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആലോചിക്കുന്ന ശക്തൻ, നേരത്തെ വഹിച്ചിരുന്ന കെ.പി.സി.സി വൈസ് പ്രസിഡന്റ് സ്ഥാനം മതിയെന്നും നേതൃത്വത്തെ അറിയിച്ചു. അതേസമയം, മറ്റ് ജില്ലകളിലെ ഡി.സി.സി പ്രസിഡന്റ് പുനഃസംഘടന വരെ തുടരണമെന്ന അഭിപ്രായമുള്ള നേതൃത്വം കൃത്യമായ മറുപടി നൽകിയിട്ടില്ല.  

വാവിട്ട ഫോൺ സംഭാഷണത്തിൽ പാലോട് രവി രാജിവച്ചതിനെ തുടർന്നാണ് മുതിർന്ന നേതാവായ എൻ.ശക്തന് തിരുവനന്തപുരം ഡി.സി.സി പ്രസിഡന്റിന്റെ താൽക്കാലിക ചുമതല നൽകിയത്. പത്തുദിവസം ചുമതല എന്ന് പറഞ്ഞിടത്ത് മൂന്നുമാസം പിന്നിട്ടിട്ടും പുതിയ ആളെ നിയമിക്കാത്ത പശ്ചാത്തലത്തിലും ഉണ്ടായിരുന്ന കെ.പി.സി.സി ഉപാധ്യക്ഷ സ്ഥാനം പുതിയ പുനഃസംഘടനയിൽ നഷ്ടപ്പെട്ട സാഹചര്യത്തിലുമാണ് ചുമതല ഒഴിയാൻ താൽപര്യം അറിയിച്ച് ശക്തൻ നേതാക്കളെ സമീപിച്ചത്. എത്രയും വേഗം ചുമതല ഒഴിയാൻ അനുമതി തേടിയ ശക്തൻ ഉണ്ടായിരുന്ന കെ.പി.സി.സി വൈസ് പ്രസിഡന്റ് സ്ഥാനം തിരികെ നൽകണമെന്നും  ആവസ്യപ്പെട്ടു. തിരുവനന്തപുരം ഉൾപ്പെടെ എട്ടു ജില്ലകളിലെ ഡി.സി.സി പ്രസിഡന്റ് പുനഃസംഘടന പരിഗണനയിലുണ്ടെന്ന് പറയുന്ന നേതൃത്വം അതുവരെ കാത്തിരിക്കാനാണ് നിർദേശിച്ചിട്ടുള്ളത്. എന്നാൽ, തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ് ഡി.സി.സി പ്രസിഡന്റ് പുനഃസംഘടന ഉണ്ടാകില്ലെന്ന് സൂചന നിലനിൽക്കെ ശക്തൻ അതൃപ്തനാണ്. രാജിവച്ച പാലോട് രവിക്ക് വൈസ് പ്രസിഡന്റ് സ്ഥാനം നൽകിയതിന് പുറമേ ഡി.സി.സി പ്രസിഡന്റ് പദവിയിലേക്ക് പരിഗണിക്കപ്പെട്ടിരുന്ന ടി. ശരത്ചന്ദ്രപ്രസാദ്, മണക്കാട് സുരേഷ് തുടങ്ങിയവരെ കെ.പി.സി.സി പുനഃസംഘടനയിൽ ഉൾപ്പെടുത്തിയതോടെ പകരക്കാരൻ ഉടൻ ഉണ്ടാകില്ലെന്ന സൂചനയാണ് പുറത്തുവരുന്നത്. അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകാൻ തയാറെടുത്ത് ശക്തൻ അതൃപ്തി കടുപ്പിക്കാനാണ് സാധ്യത.

ENGLISH SUMMARY:

N. Sakthan expresses his desire to step down as Thiruvananthapuram DCC President. He is considering contesting in the upcoming assembly elections and prefers his former position as KPCC Vice President.