കാല്‍നൂറ്റാണ്ടു കാലത്തെ സിപിഎം കുത്തക ഭരണം തുടരുമോ , അവസാനിക്കുമോയെന്നതാണ് കൊല്ലം കോര്‍പറേഷന്‍ തെരഞ്ഞെടുപ്പിലെ പ്രധാനചോദ്യം. നിലവിലെ ഭരണസമിതിയ്ക്കെതിരെ ഒട്ടേറെ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും ശക്തമായി പ്രതികരിക്കാന്‍ കോണ്‍ഗ്രസിനോ ബിജെപിക്കോ കഴിഞ്ഞിട്ടില്ല. സംവരണമില്ലാത്തതിനാല്‍ ഇത്തവണ പുരുഷനാകും മേയര്‍ പദവി.
കൊല്ലം കോര്‍പറേഷന്‍ രുപീകൃതമായ അന്നു മുതല്‍ എല്‍ഡിഎഫ് ഭരണസമിതിയാണ് .കൃത്യമായി പറഞ്ഞാല്‍ 25 വര്‍ഷം. എല്‍ഡിഎഫും യുഡിഎഫും 23 സീറ്റുമായി ഒപ്പത്തിനൊപ്പം നിന്ന 2000 ല്‍ മേയര്‍ക്ക് വേണ്ടി അടി കോണ്‍ഗ്രസില്‍ കനത്തപ്പോള്‍ ഒപ്പം നില്‍ക്കാമെന്നു പറഞ്ഞ കോണ്‍ഗ്രസ് റിബലിനെ മറുകണ്ടം ചാടിച്ചാണ് ആദ്യ എല്‍.ഡി.എഫ് മേയര്‍ എത്തുന്നത്. പിന്നീടങ്ങോട്ട് കോണ്‍ഗ്രസിലെ ഗഡാ ഗഡിയന്മാരായ നേതാക്കള്‍ ഗ്രൂപ്പിന്‍റെ പേരില്‍ ആഞ്ഞുപിടിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ തോല്‍പ്പിച്ചപ്പോള്‍ ഓരോ തവണയും അംഗസംഖ്യ കുറഞ്ഞ് ഏറ്റവുമൊടുവില്‍ 6 സീറ്റില്‍ എത്തി നില്‍ക്കുന്നു. അതായത് കോണ്‍ഗ്രസിനും ബിജെപിക്കും തുല്യം തുല്യം സീറ്റായി. ഇത്തവണ പാലം വലിച്ചാല്‍ പണി ഉറപ്പെന്നു താക്കീത് നല്‍കിയിട്ടുണ്ട് കോണ്‍ഗ്രസ് നേതൃത്വം. കെ.പിസിസി സമിതിയുടെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തനം. ബിജെപിയും സീറ്റു വര്‍ധിപ്പിക്കാനായി കൊണ്ടു പിടിച്ച് ശ്രമമാണ് നടത്തുന്നത്. ആര്‍.എസ്.എസ്. ചുക്കാന്‍ പിടിക്കുന്ന പ്രവര്‍ത്തനമാണ് നടത്തുന്നത്.
എന്നാല്‍ സ്റ്റേഡിയം നിര്‍മാണം മുതല്‍ ശ്മശാനം നിര്‍മാണം വരെയുള്ള ആരോപണങ്ങളില്‍ തുടര്‍സമരം പ്രതിപക്ഷത്തിന്‍റെ ഭാഗത്തു നിന്നും ഉണ്ടായില്ല. പ്രതിപക്ഷ നിഷ്ക്രിയത്വം തന്നെയാണ് എല്‍.ഡി.എഫിന്‍റെ പ്രധാന ബലം. കഴിഞ്ഞ തവണ വനിതാ മേയര്‍ ആയിരുന്നെങ്കില്‍ ഇത്തവണ പുരുഷ മേയറാണ്. സിപിഎം സിപിഐ വീതംവെയ്പില്‍ മേയര്‍മാരായ പ്രസന്ന ഏണസ്റ്റും, ഹണി ബെഞ്ചമിനും വിവിധ ഘട്ടങ്ങളിലായി മൂന്നു തവണ മേയര്‍മാരായതിനാല്‍ ഇത്തവണ മല്‍സര രംഗത്തുണ്ടാവില്ലെന്നാണ് സൂചന. പ്രസന്ന ഏണസ്റ്റിനു പകരം ഭര്‍ത്താവും സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗവുമായ എക്സ് . ഏണസ്റ്റ് മല്‍സരിച്ചേക്കും. ജില്ലാ സെക്രട്ടറിയേറ്റംഗമായ അനിരുദ്ധനും ഇത്തവണ മല്‍സരിച്ചേക്കും.