കോഴിക്കോട് പേരാമ്പ്ര സംഘര്‍ഷത്തില്‍ ഷാഫി പറമ്പിലിനും യുഡിഎഫിനുമെതിരെ പ്രത്യാക്രമണം നടത്തി എല്‍ഡിഎഫിന്‍റെ പ്രതിഷേധ റാലി. മെക്കിട്ടുകേറാന്‍ വന്നാല്‍ ചൂട് അറിയും, അത് അറിയാതിരിക്കുന്നതാ നല്ലതെന്നും ഷാഫി സൂക്ഷിച്ചു നടക്കണമെന്നും ഇപ്പോൾ മൂക്കിന്റെ പാലമേ പോയുള്ളൂവെന്നും ഇപി ജയരാജന്‍ ഭീഷണിപ്പെടുത്തിയപ്പോള്‍ കലാപമാണ് യുഡിഎഫ് ലക്ഷ്യമിട്ടതെന്ന് ടിപി രാമകൃഷ്ണനും കുറ്റപ്പെടുത്തി. കേസ് നടപടികള്‍ വൈകുന്നതിനെതിരെ യുഡിഎഫ് ഇന്ന് ഡിവൈഎസ്പി ഓഫിസിന് മുന്നില്‍ നടത്തുന്ന സമരം പ്രതിപക്ഷ നേതാവ് ഉദ്ഘാടനം ചെയ്യും.
പേരാമ്പ്രയിലെ സംഘര്‍ഷത്തില്‍ യുഡിഎഫ് ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് അതേസ്ഥലത്ത് മറുപടി പറയുകയായിരുന്നു എല്‍ഡിഎഫ്. കെസി വേണുഗോപാലിനെ കണക്കിന് പരിഹസിച്ച ഇപി, ക്രിയാത്മക ഇടപെടല്‍ നടത്തിയ പൊലിസിനെ അഭിനന്ദിച്ചു. മര്‍ദിച്ചത് പൊലിസ് അല്ലെന്നും കോണ്‍ഗ്രസുകാര്‍ തമ്മിലുള്ള ഗ്രൂപ്പ് പോര് വഷളായതാണെന്നും വരെ ഇപി ജയരാജന്‍ പറഞ്ഞുവച്ചു. എന്നാല്‍ ഇപിയെ പോലെ പൊലിസിനെ പുകഴ്ത്താന്‍ പേരാമ്പ്ര എംഎല്‍എ കൂടിയായ ടിപി രാമകൃഷ്ണന്‍ തുനിഞ്ഞില്ല. ചില ഉദ്യോഗസ്ഥര്‍ക്ക് ചാഞ്ചാട്ടം സംഭവിക്കുന്നതായി ടിപി തുറന്നു പറഞ്ഞു.
അയ്യപ്പ സംഗമം പൊളിക്കാൻ യു.ഡി.എഫ് നീക്കം നടത്തി. ഉണ്ണികൃഷ്ണൻ പോറ്റിയെ ഇതിനായി ഉപയോഗിച്ചു. കുറ്റം ചെയ്ത ഒരുത്തനെയും ഈ സർക്കാർ വെറുതെ വിടില്ലെന്നും ജയരാജൻ മുന്നറിയിപ്പ് നൽകി.
അതേസമയം സംഘര്‍ഷത്തില്‍ തുടര്‍നടനടപടികള്‍ വൈകുന്നതില്‍ യുഡിഎഫ് അമര്‍ഷത്തിലാണ്. ഇന്ന് ഡിവൈഎസ്പി ഓഫിസിന് മുന്നില്‍ സത്യഗ്രഹസമരം നടത്തും. ഷാഫിയെ മര്‍ദിച്ച പൊലിസുകാരനെതിരെ അഞ്ച് ദിവസത്തിനകം നടപടി വേണമെന്നാണ് ആവശ്യം. പൊലിസിന് നേരെ യുഡിഎഫ് പ്രവര്‍ത്തകര്‍ സ്ഫോടക വസ്തു എറിയുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്നാണ് യുഡിഎഫ് വാദം.