പാലക്കാടന്‍ കോട്ടയില്‍ മൂന്നാമതും  ഭരണം ഉറപ്പിക്കാനൊരുങ്ങുന്ന ബിജെപിക്ക് പാളയത്തിലെ പടയാണ് ഭീഷണി. നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ സി.കൃഷ്ണകുമാറിനെ സ്ഥാനാര്‍ഥിയാക്കിയപ്പോള്‍ നഗരസഭയിലുണ്ടായ  പൊട്ടിത്തെറി പൂര്‍ണമായും അടങ്ങിയിട്ടില്ല. മറുവശത്ത് രാഹുല്‍ മാങ്കൂട്ടത്തിനെതിരെ ഉയര്‍ന്ന  ലൈംഗിക വിവാദം തിരിച്ചടിയായോയെന്ന് കണ്ടെത്താനുള്ള അവസരം കൂടിയാണ് കോണ്‍ഗ്രസിന് നഗരസഭ പോര്. 

വാര്‍ത്തകളില്‍ ഏറ്റവും കൂടുതല്‍ നിറഞ്ഞുനിന്ന നഗരസഭ. 52 ല്‍ 28 സീറ്റുകള്‍ നേടിയാണ് കഴിഞ്ഞ ബി ജെ പി രണ്ടാമതും അധികാരത്തിലെത്തിയത്. മൂന്നാം ഊഴത്തില്‍ പക്ഷെ അത്ര എളുപ്പമല്ല കാര്യങ്ങള്‍. പാര്‍ട്ടി വൈസ് പ്രസിഡന്റ്  സി കൃഷ്ണകുമാറിനെ നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കിയതില്‍ പ്രതിഷേധിച്ച് ഒരു കൂട്ടം കൗണ്‍സിലര്‍മാര്‍ രാജിഭീഷണി മുഴക്കിയത് വലിയ തിരിച്ചടിയായി. അതുകൊണ്ടുതന്നെ  സ്ഥാനാര്‍ഥി നിര്‍ണയം ഉള്‍പ്പടെ ഇത്തവണ കടുകട്ടിയാകും. എങ്കിലും ആത്മവിശ്വാസത്തിന് കുറവില്ല. പ്രതിപക്ഷത്തുള്ള യു.ഡി.എഫിന് നിലവില്‍ 17 സീറ്റാണ്. 

വികസന മുരടിപ്പും കാവിവല്‍ക്കരണവുമൊക്കെ ചര്‍ച്ചയാക്കി ഭരണം പിടിക്കാനാണ് ശ്രമം. ഇതൊക്കെ പറയുമ്പോഴും  രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എയ്ക്കെതിരെ ഉയര്‍ന്ന അപവാദങ്ങളും ഗ്രൂപ്പിസവും  തിരിച്ചടിയാകുമോയെന്ന പേടി ഇല്ലാതില്ല. ഏഴ് സീറ്റുള്ള സി പി എം നില മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ്.കഴിഞ്ഞ തവണ ഒരു സീറ്റുണ്ടായിരുന്ന വെല്‍ഫെയര്‍ പാര്‍ട്ടിയുടെ നിലപാടും നിര്‍ണായകമാണ്. 

ENGLISH SUMMARY:

BJP, aiming for a third term in Palakkad Municipality, faces internal strife after the nomination of C. Krishnakumar for the Assembly by-election, leading to resignation threats from councilors. Meanwhile, the UDF fears the controversy surrounding MLA Rahul Mankootathil could negatively impact their electoral performance. Development stagnation and alleged 'saffronization' are UDF's main campaign issues.