ശബരിമല സ്വര്‍ണപ്പാളി വിവാദത്തെ തുടര്‍ന്ന് പത്തനംതിട്ടയിലെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഡെപ്യൂട്ടി കമ്മിഷണറുടെ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് റിമാന്‍ഡിലായിരുന്ന കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍ക്കും മറ്റ് പ്രവര്‍ത്തകര്‍ക്കും ജാമ്യം ലഭിച്ചു.
യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് വിജയ് ഇന്ദുചൂഡന്‍, സംസ്ഥാന സെക്രട്ടറിമാരായ സാം ജി ഇടമുറി, അനീഷ് വേങ്ങവിള, നഹാസ് പത്തനംതിട്ട എന്നിവരും ഉൾപ്പെടെ പതിനാലു പുരുഷ പ്രവര്‍ത്തകര്‍ക്കും മൂന്ന് വനിതാ പ്രവര്‍ത്തകര്‍ക്കും ചേര്‍ന്നാണ് ജാമ്യം ലഭിച്ചത്. ഒന്‍പത് ദിവസങ്ങളായി ഇവര്‍ റിമാന്‍ഡിലായിരുന്നു.
കേസില്‍ ഒന്നാം പ്രതിയാണ് സന്ദീപ് വാര്യര്‍, വിജയ് ഇന്ദുചൂഡന്‍ രണ്ടാം പ്രതിയും . സന്ദീപ് വാര്യരുടെ ഉദ്ഘാടന പ്രസംഗത്തിനുശേഷമാണ് പ്രവര്‍ത്തകര്‍ അക്രമാസക്തരായത്. ഇവരെ നിയന്ത്രിക്കാന്‍ ഇടറോഡില്‍ പൊലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ചിരുന്നെങ്കിലും അത് അവഗണിച്ചാണ് പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടന്ന് ദേവസ്വം ബോര്‍ഡ് ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിന് മുന്നിലെത്തിയത്.
ആദ്യമായി ഓഫീസിന് മുന്നില്‍ പ്രവര്‍ത്തകര്‍ തേങ്ങ ഉടക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, പ്രതീക്ഷിച്ചതിനേക്കാള്‍ അക്രമാത്മകമായ രീതിയിലായിരുന്നു പ്രവര്‍ത്തകരുടെ നീക്കം. അവർ നേരിട്ട് ഓഫീസ് കെട്ടിടത്തിലേക്ക് തേങ്ങകളും പിന്നീട് നിലത്ത് കിടന്ന കല്ലുകളും വലിച്ചെറിഞ്ഞു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും അരങ്ങേറി. ചിലരെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നതിനിടെ പ്രവര്‍ത്തകര്‍ ശക്തമായ പ്രതിരോധിച്ചു. ഇതിനിടെ പൊലീസ് വാഹനത്തില്‍ കയറ്റിയ പ്രവര്‍ത്തകരെ പ്രതിഷേധത്തെ തുടര്‍ന്ന് പുറത്തിറക്കേണ്ടിയും വന്നു. അക്രമാസക്തരായ പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തി ചാര്‍ജും നടത്തി . സംഘര്‍ഷത്തിനിടെ പൊലീസ് ലാത്തിച്ചാർജ് നടത്തിയിരുന്നു. പൊലീസുകാര്‍ തന്നെ കുത്തുകയും മർദ്ദിക്കുകയും ചെയ്തതായി സന്ദീപ് വാര്യര്‍ ആരോപിച്ചു