ഹിജാബ് വിവാദത്തിൽ വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടിയെ തളളിയും യൂണിഫോമിൽ വിട്ടുവീഴ്ച്ചയില്ലെന്ന് വ്യക്തമാക്കിയും എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂൾ അധികൃതർ. ഹിജാബിന്‍റെ പേരിൽ വിദ്യാർഥിയെ പുറത്താക്കിയിട്ടില്ലെന്നും എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടറുടെ (ഡിഡിഇ) റിപ്പോർട്ട് സത്യവിരുദ്ധമാണെന്നും സ്കൂൾ പ്രിൻസിപ്പൽ പ്രതികരിച്ചു. വിദ്യാഭ്യാസമന്ത്രിയുടെ നിർദേശത്തിനെതിരെ സ്‌കൂൾ കോടതിയെ സമീപിക്കും.
ഹിജാബ് വിവാദത്തെത്തുടർന്ന് രണ്ടു ദിവസം അടച്ചിട്ട പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂൾ പൊലീസ് സുരക്ഷയിൽ തുറന്നു. ക്രമസമാധാനവും പഠനാന്തരീക്ഷവും ഉറപ്പാക്കാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു. ഹിജാബ് ധരിക്കണമെന്ന് ആവശ്യപ്പെട്ട എട്ടാം ക്ലാസ് വിദ്യാർഥിനി ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ഇന്ന് സ്‌കൂളിലെത്തിയില്ല. സ്‌കൂൾ ചട്ടങ്ങളും നിബന്ധനകളും പാലിച്ച് മകൾ തുടർന്ന് പഠിക്കാമെന്ന് വിദ്യാർഥിനിയുടെ പിതാവ് സ്‌കൂൾ അധികൃതരുമായി ഹൈബി ഈഡൻ എംപി അടക്കമുള്ളവരുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിൽ ഇന്നലെ വ്യക്തമാക്കിയതാണ്. എന്നാൽ ഇതിന് പിന്നാലെ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി കടുത്ത ഭാഷയിൽ വിമർശിച്ചതും വിശദീകരണം തേടിയത് സ്‌കൂൾ അധികൃതരെ അസംതൃപ്‌തരാക്കി. ഹിജാബിന്‍റെ പേരിൽ വിദ്യാർഥിയെ പുറത്താക്കിയിട്ടില്ലെന്നും സിസിടിവി ദൃശ്യങ്ങൾ അടക്കം തെളിവുണ്ടെന്നും സ്‌കൂൾ മറുപടി നൽകി.
യൂണിഫോമിന്‍റെ കാര്യത്തിൽ മാനേജ്മെന്‍റിന് തീരുമാനമെടുക്കാമെന്ന് സ്‌കൂൾ അധികൃതർ വ്യക്തമാക്കി. വിദ്യാഭ്യാസമന്ത്രിയുടെ നിർദേശത്തിനെതിരെ കോടതിയെ സമീപിക്കും. മാതാപിതാക്കളുമായി ചർച്ച നടത്തി വിദ്യാർഥിയുടെ പഠനം ഉറപ്പാക്കാനാണ് സ്‌കൂൾ അധികൃതരുടെ നീക്കം
അതേസമയം, കൊച്ചി പള്ളുരുത്തി സ്കൂളിലെ ഹിജാബ് വിവാദത്തില്‍ സ്കൂള്‍ മാനേജ്മെന്‍റിനെതിരായ വിമര്‍ശനം ആവര്‍ത്തിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സ്കൂളിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായത് ഗുരുതരമായ വീഴ്ചയെന്ന് മന്ത്രി പറഞ്ഞു. സ്കൂളിനെതിരെ കടുത്ത നടപടിയിലേക്ക് കടന്നിട്ടില്ല. സ്കൂള്‍ അധികൃതരോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുകയാണ് ചെയ്തത്. വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടേണ്ടെന്ന് പറയുന്നത് ശരിയല്ല. ഭരണഘടനാപരമായ അവകാശങ്ങള്‍ ലംഘിക്കാന്‍ അനുവദിക്കാനാകില്ല. ചെറിയ പ്രശ്നമുണ്ടെങ്കില്‍ പോലും സര്‍ക്കാര്‍ ഇപെടും. ശിരോവസ്ത്രം ധരിക്കാനുള്ള അവകാശം വിദ്യാര്‍ഥിക്കുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം ഹിജാബ് വിവാദത്തില്‍ വിദ്യാഭ്യാസമന്ത്രിയെ വിമര്‍ശിച്ച് കത്തോലിക്കാ കോൺഗ്രസ് രംഗത്തെത്തി. വിദ്യാഭ്യാസ മന്ത്രിയുടേത് വിവേക രഹിതമായ പ്രസ്താവനയാണ്. മന്ത്രിയുടെ പ്രസ്താവന പ്രശ്നം വഷളാക്കാനേ ഉപകരിക്കൂ. കോടതി അനുവദിച്ച കാര്യം മാത്രമാണ് സ്കൂളിൽ നടപ്പാക്കുന്നത്. ആരുടെയും ഭീഷണിക്ക് വഴങ്ങില്ലെന്നും ഫാ. ഫിലിപ്പ് കവിയിൽ പറഞ്ഞു