കോഴിക്കോട് പേരാമ്പ്രയില്‍ ഷാഫി പറമ്പിലിന് നേരെ ലാത്തിച്ചാര്‍ജ് നടത്തിയതില്‍ യുഡിഎഫ് പ്രതിഷേധം. പൊലീസും യു.ഡി.എഫ് പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റം. പൊലീസിനുനേരെ പ്രവര്‍ത്തകര്‍ പാഞ്ഞടുത്തു. നേതാക്കള്‍ ഇടപ്പെട്ട് അണികളെ പിന്തിരിപ്പിച്ചു.
ഷാഫി പറമ്പില്‍ എം.പിക്ക് നേരെ പേരാമ്പ്രയില്‍ നടന്ന പൊലീസ് അതിക്രമത്തില്‍ സംസ്ഥാനത്ത് യു.ഡി.എഫിന്‍റെ വ്യാപക പ്രതിഷേധം അലയടിച്ചു. പൊലീസുമായി പലയിടങ്ങളിലും സംഘര്‍ഷമുണ്ടായി. കൊച്ചിയിൽ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. മട്ടാഞ്ചേരിയില്‍ കരിഓയില്‍ ഒഴിച്ചായിരുന്നു പ്രതിഷേധം
Also Read: ഷാഫിയെ തല്ലിയ പൊലീസുകാരുടെ വീട്ടിലേക്ക് മാര്‍ച്ചിന് യൂത്ത് കോണ്‍ഗ്രസ്
ഇന്നലെ രാത്രി മുതല്‍ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധങ്ങള്‍ പൊലീസുമായി നേര്‍ക്ക് നേര്‍ ഏറ്റുമുട്ടലില്‍ കലാശിച്ചിരുന്നു. ഇതിന്‍റെ തുടര്‍ച്ചയെന്നോണം ഇന്നും പ്രതിഷേധം ഇരമ്പി . കോഴിക്കോട് നടക്കാവിലെ ഐ.ജി ഓഫീസിന് മുന്നില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ സംഗമം പൊലീസുമായി കയ്യാങ്കളിയിലേക്ക് കടന്നു. ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് തടയുകയായിരുന്നു നേതാക്കള്‍ ഇടപെട്ട് പ്രവര്‍ത്തകരെ പിന്തിരിപ്പിച്ചു
വാട്ടർ മെട്രോയുടെ പുതിയ ടെർമിനലുകൾ ഉദ്ഘാടനം ചെയ്ത്, എറണാകുളം ഗസ്റ്റ് ഹൗസിലേയ്ക്ക് മടങ്ങും വഴിയായിരുന്നു കനത്ത പൊലീസ് കവൽ ഭേതിച്ച് യൂത്ത് കോൺഗ്രസ് മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയത്. ഗസ്റ്റ്ഹൗസിന് തൊട്ടടുത്ത് സെന്റ് തെരാസസ് കോളജിന് സമീപം വച്ചായിരുന്നു പ്രതിഷേധം. കൊച്ചി ശരീരത്ത് കരിഓയില്‍ തേച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. കാസര്‍കോട് കഞ്ഞങ്ങാട് ഡി.വൈ.എസ്.പി ഓഫീസിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
റോഡ് ഉപരോധിച്ച പ്രവര്‍ത്തകരെ പൊലീസ് ബലംപ്രയോഗിച്ച് നീക്കി . കോൺഗ്രസ് - യൂത്ത് കോൺഗ്രസ് പ്രവർത്തകർ പാലക്കാട് സുൽത്താൻപേട്ട് ജങ്ഷനിൽ റോഡ് ഉപരോധിച്ചു. മണിക്കൂറോളം ഗതാഗത സ്തംഭിപ്പിച്ചായിരുന്നു പ്രതിഷേധം.
പൊലീസ് വാദം പൊളിഞ്ഞു
ഇതിനിടെ ഷാഫി പറമ്പിലിനെതിരെ ലാത്തിച്ചാര്‍ജ് നടത്തിയിട്ടില്ലെന്ന പൊലീസ് വാദം പൊളിഞ്ഞു. ഷാഫിയെ ലാത്തി കൊണ്ട് മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ മനോരമ ന്യൂസ് പുറത്തുവിട്ടു. സംഘര്‍ഷത്തില്‍ ഷാഫി പറമ്പില്‍ അടക്കമുള്ള അറുനൂറിലധികം പേര്‍ക്കെതിരെ പൊലിസ് കേസെടുത്തു. എന്നാല്‍ പേരാമ്പ്രയിലേത് ഷാഫി ഷോ മാത്രമാണെന്ന് തിരിച്ചടിക്കുകയാണ് സി.പി.എം.
ഇന്നലെ രാത്രി യുഡിഎഫ് പ്രവര്‍ത്തകരും പൊലിസും തമ്മില്‍ വാക്കേറ്റം ഉണ്ടായതിന് പിന്നാലെയുണ്ടായ സംഘര്‍ഷത്തില്‍ ലാത്തി പ്രയോഗിച്ചിട്ടില്ലെന്ന റൂറല്‍ എസ്പി കെ. ഇ. ബൈജുവിന്‍റെ വാദമാണ് മനോരമ ന്യൂസ് ദൃശ്യങ്ങള്‍ പുറത്തുവിട്ടതോടെ പൊളിഞ്ഞത്. ഷാഫിക്ക് ലാത്തി കൊണ്ട് മര്‍ദനമേല്‍ക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തം. അടിച്ചത് ബോധപൂര്‍വമാണെന്ന് പ്രതിപക്ഷനേതാവും കേരളത്തിലെ കൊളള മറച്ചുവയ്ക്കാനുള്ള ശ്രമമാണിതെന്നും കെ.സി വേണുഗോപാലും പ്രതികരിച്ചു.
ശബരിമലയിലെ സ്വര്‍ണപാളി വിഷയങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമമാണുണ്ടാകുന്നതെന്ന് മുസ് ലിം ലീഗ് ദേശീയ ജനറല്‍ പി.കെ. കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. എന്നാല്‍ ഷാഫിയുടേത് വെറും ഷോ മാത്രമെന്ന് പരിഹസിക്കുകയാണ് ഡിവൈഎഫ്ഐ.
അടിയന്തര ശസ്ത്രക്രിയക്ക് ശേഷം ഷാഫിയെ തീവ്രപരിചരണ വിഭാഗത്തിലേയ്ക്ക് മാറ്റി. മൂക്കിന്‍റെ ഇരുവശത്തുള്ള എല്ലുകള്‍ക്കാണ് പൊട്ടലുണ്ടായത്. സംഘര്‍ഷത്തില്‍ ഷാഫി പറമ്പിലും ഡിസിസി പ്രസിഡന്‍റ് കെ. പ്രവീണ്‍ കുമാറും അടക്കമുള്ള 692 പേര്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തു. കണ്ടാലറിയാവുന്ന നാനൂറിലധികം എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെയും കേസുണ്ട്.