നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അസാധാരണനീക്കവും നാടകീയരംഗങ്ങളും. ചോദ്യോത്തരവേളയില്‍ തന്നെ ശബരിമലയിലെ സ്വര്‍ണപ്പാളി വിഷയം ഉയര്‍ത്തി പ്രതിപക്ഷം ബഹളം വച്ചു. ഭരണപക്ഷവും പ്രതിരോധം ഉയര്‍ത്തിയതോടെ സഭയില്‍ ബഹളമായി. അയ്യപ്പന്റെ സ്വര്‍ണം കട്ടവര്‍ അമ്പലം വിഴുങ്ങികളെന്ന ബാനറുകളുമായാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. സ്പീക്കറുടെ ചെയറിന് അരികിലെത്തിയായിരുന്നു പ്രതിഷേധം.
തുടര്‍ന്ന് ചോദ്യോത്തരവേള റദ്ദ് ചെയ്തു. നിര്‍ത്തിവച്ച നിയമസഭ നടപടികള്‍ പുനരാരംഭിച്ചപ്പോഴും മുദ്രാവാക്യം വിളിച്ച് പ്രതിപക്ഷം രംഗത്തെത്തി. നോട്ടിസ് പോലും നല്‍കാതെ എന്ത് പ്രതിഷേധമെന്നായിരുന്നു സ്പീക്കര്‍ പ്രതിപക്ഷത്തോടു ചോദിച്ചത്. പ്രതിഷേധത്തിന്‍റെ കാര്യം പറയൂവെന്നും സ്പീക്കര്‍ ചോദിച്ചു. തുടര്‍ന്ന് സഭാനടപടികള്‍ വേഗത്തിലാക്കി. ഇതിനിടെ സ്പീക്കറെ കാണുന്നില്ലെന്ന പരാതിയുമായി വി.ശിവന്‍കുട്ടി രംഗത്തെത്തി. എങ്ങനെയാണ് സമരം ചെയ്യേണ്ടതെന്ന് പറഞ്ഞുതരാമെന്നും പ്രതിപക്ഷത്തിന് ഒരു മര്യാദയുമില്ലെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു. ഉപധനാഭ്യര്‍ത്ഥനകള്‍ ചര്‍ച്ചയില്ലാതെ വോട്ടിനിട്ട് പാസാക്കി.