സംസ്ഥാനത്ത് 1100 കോടി രൂപയുടെ വൻ ജിഎസ്ടി തട്ടിപ്പ് നടന്നതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വെളിപ്പെടുത്തി. ഈ തട്ടിപ്പ് വഴി ഖജനാവിന് 200 കോടി രൂപയുടെ നഷ്ടം ഉണ്ടായിട്ടും സംസ്ഥാന സർക്കാർ ഒരു അന്വേഷണവും നടത്തിയില്ലെന്നും അദ്ദേഹം ആരോപിച്ചു. വിഷയത്തിൽ സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് ശക്തമായി ആവശ്യപ്പെട്ടു.
പുണെ ഇന്റലിജൻസാണ് ഈ വൻ തട്ടിപ്പ് ആദ്യം കണ്ടെത്തുകയും, ഫെബ്രുവരി 2025-ൽ തന്നെ ഇക്കാര്യം സംസ്ഥാന സർക്കാരിനെ അറിയിക്കുകയും ചെയ്തത്. എന്നാൽ, രജിസ്‌ട്രേഷനുകൾ റദ്ദാക്കിയതല്ലാതെ മറ്റ് നടപടികൾ സ്വീകരിക്കാൻ സർക്കാർ തയ്യാറായില്ലെന്ന് സതീശൻ ആരോപിക്കുന്നു.
‘1100 കോടി രൂപയുടെ ഇടപാടുകൾ വഴി സംസ്ഥാന ഖജനാവിന് 200 കോടി രൂപയുടെ ജിഎസ്ടി നഷ്ടം ഉണ്ടായി. ഇപ്പോൾ പുറത്തുവന്നത് "മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ്." ഇത് കൂടാതെ ആയിരത്തിലധികം തെറ്റായ ജിഎസ്ടി രജിസ്‌ട്രേഷനുകൾ സംസ്ഥാനത്ത് ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്’ വിഡി സതീശന്‍ ആരോപിച്ചു.
ജിഎസ്ടി ഉദ്യോഗസ്ഥരിൽ ഒരു വിഭാഗത്തിന് ഈ തട്ടിപ്പുകാരുമായി ബന്ധമുണ്ട്. അതുകൊണ്ടാണ് ഇത്രയും ഗുരുതരമായ വിവരം കിട്ടിയിട്ടും സർക്കാർ ഇത് മൂടിവെക്കാൻ ശ്രമിച്ചത് എന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. സാധാരണക്കാരായ ജനങ്ങളുടെ പേരിലുള്ള ഡാറ്റാ മോഷണത്തിലൂടെയാണ് ഈ തട്ടിപ്പുകൾ നടന്നതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. കെ.എസ്.ഇ.ബി. ഡാറ്റയും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 'സഞ്ജയ' പോർട്ടൽ ഡാറ്റയും ദുരുപയോഗം ചെയ്താണ് പലരുടെയും പേരിൽ ജിഎസ്ടി രജിസ്‌ട്രേഷനുകൾ എടുത്തത്.
എറണാകുളത്ത് ഒരു കരാർ തൊഴിലാളിയുടെ പേരിൽ 43 കോടി രൂപയുടെ ട്രാൻസാക്ഷൻ നടന്നതായി അദ്ദേഹം ഉദാഹരണമായി പറഞ്ഞു. വിദേശത്ത് പോകാനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി ഇൻകം ടാക്സ് റിട്ടേൺ ഫയൽ ചെയ്യാൻ ശ്രമിച്ചപ്പോഴാണ് ഇദ്ദേഹം തട്ടിപ്പിന് ഇരയായ വിവരം അറിഞ്ഞത്. തട്ടിപ്പിന് ഇരയായ നിരപരാധികളെ വിവരം അറിയിക്കാനോ അവർക്ക് നിയമപരമായ സംരക്ഷണം നൽകാനോ സർക്കാർ തയ്യാറായില്ലെന്നും സതീശൻ കുറ്റപ്പെടുത്തി.
പ്രതിപക്ഷ നേതാവിന്റെ ആവശ്യങ്ങൾ
പ്രതിപക്ഷ നേതാവ് സർക്കാരിനോട് നാല് പ്രധാന ചോദ്യങ്ങൾ ഉന്നയിക്കുകയും ശക്തമായ ആവശ്യങ്ങൾ ഉന്നയിക്കുകയും ചെയ്തു:
* ഇന്റർ-സ്റ്റേറ്റ് റാമിഫിക്കേഷനുകൾ ഉള്ള കേസ് ആയതിനാൽ സിബിഐ അന്വേഷണം പ്രഖ്യാപിക്കണം.
* ഇരകളായ സാധാരണക്കാർക്ക് പൂർണ്ണമായ നിയമസംരക്ഷണം ഉറപ്പാക്കണം.
* ജിഎസ്ടി വകുപ്പിൽ തെറ്റുകൾ കണ്ടിട്ടും നടപടിയെടുക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം.
* നഷ്ടപ്പെട്ട 200 കോടി രൂപ തിരിച്ചുപിടിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണം.
കേരളത്തിലെ ടാക്സ് അഡ്മിനിസ്ട്രേഷൻ പരിതാപകരമായ നിലയിലാണെന്നും, ബി ടു ബി (ബിസിനസ് ടു ബിസിനസ്) ഇടപാടുകളിലും മറ്റ് നിർമ്മാണ മേഖലകളിലും കോടിക്കണക്കിന് രൂപയുടെ കള്ളക്കച്ചവടവും ടാക്സ് വെട്ടിപ്പും വ്യാപകമായി നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് ടാക്സ് തട്ടിപ്പ് മാത്രമല്ല, ഗുരുതരമായ ഡാറ്റാ മോഷണം കൂടിയാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.