സിപിഐ അസിസ്റ്റന്റ് സെക്രട്ടറി തിരഞ്ഞെടുപ്പില്‍ സമവായമുണ്ടാക്കാന്‍ ഇസ്മയില്‍ പക്ഷവുമായി ആശയവിനിയം തുടങ്ങി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കൊല്ലത്ത് നിന്നുള്ള ആര്‍.രാജേന്ദ്രനെ അസിസ്റ്റന്റ് സെക്രട്ടറിയാക്കാന്‍ പിന്തുണ ഉറപ്പാക്കുകയാണ് ബിനോയ് വിശ്വത്തിന്‍റെ ലക്ഷ്യം. നാളെ ചേരുന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ വിയോജിപ്പുകള്‍ ഉയരാനുള്ള സാധ്യതയും നേതൃത്വം മുന്നില്‍കാണുന്നുണ്ട്
വീണ്ടും സെക്രട്ടറി പദവിയിലെത്തിയെങ്കിലും പുതിയ അസിസ്റ്റന്‍റ് സെക്രട്ടറിയുടെ തിരഞ്ഞെടുപ്പും നിര്‍വാഹക സമിതി തിരഞ്ഞെടുപ്പും ബിനോയ് വിശ്വത്തിന് തലവേദനയാവുകയാണ്. ബിനോയിക്ക് താലപര്യമില്ലായിരുന്നെങ്കിലും ദേശീയ സെക്രട്ടറിയേറ്റിലെത്തിയ പ്രകാശ് ബാബുവിന് പാര്‍ട്ടിയില്‍ കൂടുതല്‍ സ്വാധീനം കിട്ടുമെന്നത് അദ്ദേഹത്തെ അസ്വസ്ഥനാക്കുന്നുമുണ്ട്. ഇ ചന്ദ്രശേഖരന്‍റെ ഒഴിവില്‍ അസിസ്റ്റ് സെക്രട്ടറിയായി പരിഗണിക്കുന്ന ആര്‍ രാജേന്ദ്രന് കൊല്ലത്ത് നിന്നു പോലും വേണ്ടത്ര പിന്‍തുണ കിട്ടുമെന്ന് ബിനോയ് വിശ്വത്തിന് ഉറപ്പില്ല.
പാര്‍ട്ടിയില്‍ രാജേന്ദ്രനേക്കാള്‍ യോഗ്യരായവര്‍ പലരുമുണ്ടെന്നാണ് ഇസ്മയില്‍ പക്ഷം വാദിക്കുന്നത്. മുല്ലക്കര രത്നാകരന്‍റെ പേര് എതിര്‍ചേരി ഉയര്‍ത്തിയാല്‍ അതിനേ മറികടക്കുക ബിനോയ് വിശ്വത്തിന് ബുദ്ധിമുട്ടാവും. അതിനാലാണ് സമവായത്തിന്‍റെ പാത ബിനോയ് വിശ്വം തേടുന്നത്. പ്രകാശ് ബാബു ദേശീയ സെക്രട്ടറിയേറ്റിലെത്തിയത് തന്‍റെ ഇടപെടല്‍ കൊണ്ടാണെന്നും സമവായ ചര്‍ച്ചകളില്‍ ബിനോയ് വിശ്വം ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇസ്മയില്‍ പക്ഷത്ത് നിന്നുള്ള സി.എന്‍.ചന്ദ്രന്‍, പി.എസ്.സുപാല്‍, വി.എസ്.സുനില്‍കുമാര്‍ എന്നിവര്‍ക്ക് നിലവില്‍ എക്സിക്യൂട്ടീവില്‍ പോലും സ്ഥാനമില്ല. ഇവരെ എക്സിക്യൂട്ടീവില്‍ എത്തിക്കുന്നതാവും എതിര്‍ചേരിയുടെ സമവായ നിര്‍ദേശം. അതേസമയം, ബിനോയ് വിശ്വത്തെ ആക്ഷേപിച്ച് ശബ്ദരേഖയില്‍ താക്കീത് നേരിട്ട കമലാ സദാനന്ദനെ എക്സിക്യൂട്ടിവില്‍ നിന്നും ഒഴിവാക്കാന്‍ സാധ്യതയുണ്ട്. നാളെ ചേരുന്ന സംസ്ഥാന കൗണ്‍സിലില്‍ എറണാകുളത്തെ സംഘടനാ പ്രശ്നങ്ങളും ചര്‍ച്ചയാവും.