തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തെ തള്ളി കേരള നിയമസഭ. മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച പ്രമേയം സഭ ഏക കണ്ഠമായി പാസാക്കി. വോട്ടർ പട്ടിക പരിഷ്കരണത്തിലൂടെ ദേശീയ പൗരത്വ രജിസ്റ്റർ വളഞ്ഞ വഴിയിലൂടെ നടപ്പാക്കുമെന്ന ആശങ്ക വ്യാപകമാണ്. കേരളത്തിൽ ഇത് തിടുക്കപ്പെട്ട് നടപ്പാക്കുന്നത് ദുരുദ്ദേശപരമാണ് എന്നും ജനവിധി അട്ടിമറിക്കപ്പെടുമെന്ന ഭയം ശക്തമാണ് എന്നും പ്രമേയത്തിൽ പറയുന്നു.
തീവ്ര വോട്ടർപട്ടിക പരിഷ്‌കരണത്തിലൂടെ പുറന്തള്ളലിന്റെ രാഷ്ട്രീയമാണ് ബീഹാറിൽ നടപ്പാക്കിയത്. ഇത് ദേശീയതലത്തിൽ വ്യാപിപ്പിക്കാനാണ് തിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കുന്ന കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിടുക്കപ്പെട്ട് തീവ്ര വോട്ടർ പട്ടിക പരിഷ്കരണം നടപ്പാക്കുന്നത് എന്നാണ് മുഖ്യമന്ത്രി ചട്ടം 50 പ്രകാരം അവതരിപ്പിച്ച പ്രമേയത്തിൽ പറയുന്നത്.
കേരളത്തിൽ തിടുക്കപ്പെട്ട് പരിഷ്കരണം നടപ്പാക്കുന്നത് ദുരുദ്ദേശപരമാണ്. ജനവിധി അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നത് എന്ന ഭയം ശക്തമാണ്. ഇത് തിരഞ്ഞെടുപ്പ് കമ്മീഷനെ സംശയത്തിന്റെ നിഴലിൽ നിർത്തുന്നു. ദേശീയ പൗരത്വ രജിസ്റ്റർ പിൻവാതിലൂടെ നടപ്പാക്കുമെന്ന ആശങ്ക വ്യാപകമാണ്. ബീഹാറിലെ സംഭവവികാസങ്ങൾ ഈ ആശങ്കകൾ ശരിവയ്ക്കുന്നു എന്നും പ്രമേയത്തിൽ പറയുന്നു.
പൗരത്വത്തെ മതാധിഷ്ഠിതമാക്കുന്ന പൗരത്വ ഭേദഗതി നിയമത്തെ പൊടിതട്ടിയെടുക്കാനുള്ള ശ്രമം നടത്തുന്നവർ എസ്ഐആറിനെ ഏതുവിധമാകും ഉപയോഗിക്കുക എന്നത് ജനാധിപത്യം നേരിടുന്ന വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തിലുണ്ട്. പ്രമേയത്തെ പിന്തുണച്ച പ്രതിപക്ഷ അംഗങ്ങൾ ഭേദഗതികൾ മുന്നോട്ടുവച്ചു. പ്രതിപക്ഷം മുന്നോട്ടുവെച്ച ഭേദഗതികളിൽ നിന്ന് രണ്ടെണ്ണം ഉൾപെടുത്തിയാണ് പ്രമേയം അംഗീകരിച്ചാണ് പ്രമേയം പാസാക്കിയത്. രാഹുൽ ഗാന്ധിയുടെ വോട്ട് കൊള്ള ആരോപണം ഉൾപ്പെടുത്തണം എന്നതുൾപ്പെടെയുള്ള നിർദേശങ്ങൾ അംഗീകരിച്ചില്ല.