കോട്ടയത്ത് യുഡിഎഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ സംസാരിക്കുന്നു
2026ല്‍ ടീം യു.ഡി.എഫ് അധികാരത്തില്‍ വരുമെന്നും ഈ വിഭ്രാന്തിയിലാണ് അയ്യപ്പസംഗമം നടത്തിയതെ്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സ്ത്രീകളെ മലകയറ്റി ആചാരലംഘനം നടത്തിയവരാണ് അയ്യപ്പ സംഗമം നടത്തിയത്. സ്ത്രീപ്രവേശത്തില്‍ നല്‍കിയ സത്യവാങ്മൂലം പിന്‍വലിക്കുമോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ആഗോള അയ്യപ്പ സംഗമം, സർക്കാരിന്‍റെ വികസന സദസ് വിഷയങ്ങളിൽ യുഡിഎഫ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേവസ്വം ബോര്‍ഡിനായി ഒന്നും ചെയ്യാത്ത സര്‍ക്കാറാണ് കപട അയ്യപ്പ ഭക്തി കാണിക്കുന്നത്. കവനന്‍റ് പ്രകാരം, ദേവസ്വം ബോര്‍ഡിന് നല്‍കേണ്ട തുക 10 കോടി രൂപയാക്കി പിണറായി സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. പക്ഷേ പേപ്പറിലെ ഉള്ളൂ. ഇതുവരെ കൊടുത്തിട്ടില്ല. നേരത്തെയുള്ള 82 ലക്ഷം കൊടുത്തിട്ടു തന്നെ മൂന്നു വര്‍ഷമായി. 76 വര്‍ഷവും രണ്ട് മാസവും കഴിഞ്ഞപ്പോഴാണ് പ്ലാറ്റിനം ജൂബലി ആഘോഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം ആ പേടി ഉണ്ടായിരുന്നില്ല. 2026 കണ്ടു പേടിച്ചിട്ടാണ് ഇപ്പോള്‍ പ്ലാറ്റിനം ജൂബിലിയാണെന്ന് പറഞ്ഞു വരുന്നതെന്നും അദ്ദേഹം പറഞ്ഞു.
യോഗി ആദിത്യനാഥിന്‍റെ സന്ദേശം വായിച്ച് വാസവന്‍ പുളകിതനാകുന്നത് കണ്ടു. യുഡിഎഫ് സര്‍ക്കാറിന്‍റെ കാലത്താണ് യോഗിയുടെ സന്ദേശം വായിച്ചതെങ്കില്‍ കേരളത്തില്‍ എന്താകുമായിരുന്നു സ്ഥിതി. പിണറായി യോഗിയുടെ കൂട്ടുകാരനാണ്. എന്നാണ് പിണറായി കാഷായ വസ്ത്രം ധരിക്കുന്നത് എന്നാണെന്ന് മാത്രം അറിഞ്ഞാല്‍ മതിയെന്നും കേരളത്തിലെ ജനങ്ങളെ കുറച്ച് കാണരുതെന്നും സതീശന്‍ പറഞ്ഞു.
അധികാര വികേന്ദ്രീകരണം നടത്തിയ ശേഷം കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളെ കഴുത്ത് ഞെരിച്ച കൊന്നൊരു സര്‍ക്കാറാണിത്. വികസന സദസ് ആരെ പറ്റിക്കാനാണെന്നും സതീശന്‍ ചോദിച്ചു.