binu-chulliyil-youth-congress

Image Credit: facebook.com/binu.chulliyil

രാഹുല്‍ മാങ്കൂട്ടത്തില്‍ രാജി വച്ച ഒഴിവിലേക്ക് യൂത്ത് കോണ്‍ഗ്രസിന് രണ്ടു ദിവസത്തിനകം പുതിയ അധ്യക്ഷന്‍. അഭിമുഖം ഒഴിവാക്കി നിലവില്‍ ദേശീയ സെക്രട്ടിയായ ബിനു ചുള്ളിയിലിനെ അധ്യക്ഷനാക്കിയേക്കും. അബിൻ വർക്കി, ഒ.ജെ.ജനീഷ്, കെ.എം.അഭിജിത് എന്നിവരുടെ പേരുകളും പരിഗണനയിൽ ഉണ്ട്. തിരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്തെത്തിയ അബിന്‍ വര്‍ക്കിയ്ക്ക് സ്ഥാനം നിഷേധിക്കുന്നത് അനീതിയാണെന്ന വികാരം ഐ ഗ്രൂപ്പില്‍ ശക്തമാണ്.

അതേസമയം, രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചിട്ട് മാസം ഒന്നാകുകയാണ്. പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കാന്‍ വൈകുന്നതില്‍ സംഘടനയിലും അതൃപ്തി ശക്തമാണ്. അതിനാല്‍ അഭിമുഖം ഒഴിവാക്കി പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കാനാണ് നീക്കം. കെ.സി.വേണുഗോപാലിന്‍റെ വിശ്വസ്ഥനായ ദേശീയ സെക്രട്ടറി ബിനു ചുള്ളിയിലിനാണ് മുന്‍തൂക്കം. തിരഞ്ഞെടുക്കപ്പെട്ട അധ്യക്ഷൻ രാജിവച്ചാൽ കൂടുതൽ വോട്ടുകൾ ലഭിച്ച ആദ്യ മൂന്നു പേരെ അഭിമുഖത്തിന് വിളിച്ച് അതില്‍ ഒരാളെ തീരുമാനിക്കുന്നതാണ് രീതി. അങ്ങനെയെങ്കിൽ അബിൻ വർക്കി, ഒ.ജെ.ജനീഷ്, അരിത ബാബു എന്നിവരിൽ ഒരാളാണ് അധ്യക്ഷ സ്ഥാനത്തെത്തേണ്ടത്. ആ രീതിയാണ് മറികടക്കുന്നത്.

തിരഞ്ഞെടുപ്പിൽ രണ്ടാമതെത്തിയ അബിൻ വർക്കിയെ ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നാണെന്ന് ചൂണ്ടിക്കാട്ടി മാറ്റി നിർത്തുന്നത് ശരിയായ രീതിയല്ലെന്നാണ് ഐ ഗ്രൂപ്പിന്‍റെ വാദം. രമേശ് ചെന്നിത്തല ഇക്കാര്യം നേരത്തെ ഹൈക്കമാന്‍ഡിനെ അറിയിച്ചിരുന്നു. കെ.പി.സി.സി പ്രസിഡന്റും മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയും കെ.എസ്.യു അധ്യക്ഷനും ന്യൂനപക്ഷ സമുദായക്കാരാണ് എന്നതാണ് എതിര്‍വാദമായി ഉയരുന്നത്.

ENGLISH SUMMARY:

Following the resignation of Rahul Mankoottil as Kerala Youth Congress President, the party is set to announce a new leader within the next two days. Reports suggest that the high command may bypass the usual interview process and appoint Binoy Chulliyil, the current National Secretary and close aide of KC Venugopal, as the new president. Other names under consideration include Abin Varkey, OJ Janish, and KM Abhijith. However, dissent has emerged within the “I” group, claiming it would be unjust to deny Abin Varkey—who finished second in the Youth Congress elections—the post. The delay in naming a successor has already sparked discontent within the organization, making this appointment a crucial test for party unity in Kerala.