രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ പുറത്തുവന്ന തെളിവുകൾക്ക് പിന്നിൽ വി.ഡി.സതീശനാണെന്ന ആരോപണവുമായി സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു. ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ സതീശനെതിരെ പുതിയ ഗ്രൂപ്പ് രൂപീകരിച്ചതുകൊണ്ടാണ് തെളിവുകൾ പുറത്തുവിട്ടതെന്നുമാണ് ആരോപണം. അതേസമയം സുരേഷ് ബാബുവിന്റെ ആരോപണങ്ങളെ പിന്തുണയ്ക്കാൻ സിപിഎം നേതൃത്വം തയ്യാറായില്ല.
രാഹുൽ മാങ്കൂട്ടത്തിലിനെ ചാരി ഷാഫി പറമ്പിലിന് നേരെ സിപിഎം പാലക്കാട് ജില്ല സെക്രട്ടറി എയ്ത അമ്പ് അസ്ഥാനത്തായി എന്നാണ് നേതൃത്വത്തിന്‍റെ വിലയിരുത്തൽ. പറഞ്ഞത് തിരുത്താൻ തയ്യാറായില്ലെങ്കിലും ഇനി അത് ആവർത്തിക്കാൻ ഇല്ലെന്ന സൂചനയാണ് സുരേഷ് ബാബു നൽകുന്നത്, സതീശനിലേക്ക് ആരോപണത്തിന്‍റെ ദിശയും മാറ്റി
രാഹുൽ മാങ്കൂട്ടത്തിലിനെ ലക്ഷ്യമാക്കി പ്രതിഷേധങ്ങൾ മുന്നോട്ട് പോകുമ്പോൾ ഷാഫിക്ക് നേരെയുള്ള സുരേഷ് ബാബുവിന്‍റെ കടന്നാക്രമണത്തെ നല്ലതായി സി പി എം കാണുന്നില്ല. അതാണ് നേതാക്കളുടെ പ്രതികരണങ്ങളിലും ഇന്ന് കണ്ടത്.
സുരേഷ് ബാബുവിന്റെ ആരോപണങ്ങളെ മുഖവിലക്ക് എടുക്കേണ്ടതില്ലെന്നാണ് കോൺഗ്രസ് തീരുമാനം. അതിനിടെ സുരേഷ് ബാബുവിനെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ആലത്തൂര്‍ ബ്ലോക്ക് ജനറല്‍ സെക്രട്ടറി പ്രമോദ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി. സുരേഷ് ബാബുവിന്റെ പരാമര്‍ശം സ്ത്രീ സമൂഹത്തെ അപമാനിക്കുന്നതാണെന്ന് പരാതിയിൽ പറയുന്നു