തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം അപ്രായോഗികമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. 2002ലെ വോട്ടര്‍പട്ടിക അടിസ്ഥാനമാക്കുന്നത് ചട്ടവിരുദ്ധമാണ്. വളഞ്ഞ വഴിയിൽ സിഎഎ നടപ്പാക്കാനുള്ള ശ്രമമാണെന്നും ഇങ്ങനെ വന്നാല്‍ കേരളത്തില്‍ 50 ലക്ഷംപേര്‍ വോട്ടര്‍പട്ടികയ്ക്ക് പുറത്താകുമെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു. ഇതിനെതിരെ ഒക്ടോബര്‍ അവസാന വാരം മുതല്‍ സിപിഎം ജനകീയ ക്യാംപയിന്‍ തുടങ്ങുമെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു.
ബിജെപിയിലെ തര്‍ക്കം എയിംസ് നഷ്ടപ്പെടുത്തും. കേന്ദ്രമന്ത്രിയും ബിജെപി നേതാക്കളും തമ്മിലാണ് തര്‍ക്കം. ബി.ജെ.പിയുടെ തമ്മിലടി അവസാനിപ്പിക്കണമെന്നും കോഴിക്കോട് കിനാലൂരിൽ എയിംസ് അനുവദിക്കണമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. എയിംസ് നഷ്ടപ്പെടാൻ ഇടയാക്കുന്ന കേന്ദ്ര മന്ത്രിയുടെ സമീപനം അപലപിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
എന്‍എസ്എസിന്‍റെ നിലപാട് എല്‍ഡിഎഫിന്‍റെ മൂന്നാം ഭരണത്തിന് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. 'എല്‍ഡിഎഫ് മൂന്നാം ഭരണത്തിന് ഒരുങ്ങുകയാണ്. എല്ലാ വിഭാഗങ്ങളുടെയും വോട്ടുവേണം. എന്‍എസ്എസ് പിന്തുണ സ്വാഭാവികമാണ്. ഇത് മൂന്നാംവരവിന് ഗുണംചെയ്യും. മാറാതിരിക്കുന്ന ഒരേയൊരു കാര്യം മാറ്റം മാത്രമാണ്' ഗോവിന്ദന്‍ പറഞ്ഞു.