ആഗോള അയ്യപ്പസംഗമത്തിന് ശേഷം, എന്‍.എസ്.എസ്സും എസ്.എന്‍.ഡി.പി യോഗവും സ്വീകരിച്ച ഇടത് അനുകൂല നിലപാടുകള്‍ ബാധിക്കില്ലെന്ന് ബി.ജെ.പി വിലയിരുത്തല്‍. പരമ്പരാഗതമായി ബി.ജെ.പിക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന എന്‍.എസ്.എസ്. വോട്ടുകളില്‍ ചോര്‍ച്ചയുണ്ടാകില്ല. അതേസമയം, പ്രബല സമുദായങ്ങളുടെ നിലപാട് കോണ്‍ഗ്രസിന് വലിയ ക്ഷീണമുണ്ടാക്കുമെന്നും ബി.ജെ.പി കണക്കുകൂട്ടുന്നു.
എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും എന്‍.എസ്.എസ്. വൈസ് പ്രസിഡന്‍റ് എം. സംഗീത് കുമാറും ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുത്തതിന് പിന്നാലെയാണ് ഇരുസമുദായങ്ങളുടെയും നേതൃത്വം സര്‍ക്കാര്‍ ചായ്‌വ് ഒന്നുകൂടി വ്യക്തമായത്.മുന്നണികളോട് വര്‍ഷങ്ങളായി സ്വീകരിച്ചുവരുന്ന സമദൂര നയത്തില്‍ മാറ്റമില്ലെങ്കിലും ശബരിമലയില്‍ സര്‍ക്കാരിനൊപ്പമെന്ന എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ അഭിപ്രായം ബി.ജെ.പിയെ പ്രതികൂലമായി ബാധിക്കുമെന്ന് ചില കേന്ദ്രങ്ങളില്‍ നിന്ന് ആശങ്കയുയര്‍ന്നിരുന്നു. എന്നാല്‍ അതിനടിസ്ഥാനമില്ലെന്നാണ് ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്‍റെ വിലയിരുത്തല്‍.കാരണ ശബരിമല യുവതീപ്രവേശന പ്രശ്നത്തെത്തുടര്‍ന്ന് എല്‍.ഡി.എഫിനെതിരായ വികാരം രൂക്ഷമായിരുന്ന 2019 ലെ ലോക്‌സഭാ തിരഞ്ഞടെപ്പില്‍ 19 സീറ്റും കോണ്‍ഗ്രസിനാണ് ലഭിച്ചത്.ബി.ജെ.പിയ്ക്ക് വോട്ടുകൂടിയെങ്കിലും വലിയ നേട്ടമുണ്ടായില്ല. ബി.ജെ.പി അധികാരത്തിന്‍റെ പരിസരത്തുപോലുമില്ലാതിരുന്ന കാലം മുതല്‍ പമ്പരാഗതമായി ബി.ജെ.പിക്ക് വോട്ടുചെയ്തിരുന്ന ആര്‍.എസ്.എസ് ബന്ധമുള്ള നായര്‍സമുദായാംഗങ്ങളുടെ പിന്തുണ ചോരില്ലെന്നും പാര്‍ട്ടി കരുതുന്നു. 2019 ല്‍ വെള്ളാപ്പള്ളി നടേശന്‍ നേതൃസ്ഥാനത്തുണ്ടായിരുന്ന നവോത്ഥാന സദസ് ഇടതുമുന്നണിയോടൊപ്പമായിരുന്നിട്ടും കോണ്‍ഗ്രസിനായിരുന്ന തിരഞ്ഞെടുപ്പ് ജയം. അതുകൊണ്ടുതന്നെ സുകുമാരന്‍ നായരുടെയും വെളളാപ്പള്ളിയുടെയും നിലപാടുകള്‍ കോണ്‍ഗ്രസിനെയാകും കൂടുതല്‍ ബാധിക്കുകയെന്നാണ് വിലയിരുത്തല്‍. എന്നാലും സമുദായ നേതാക്കളുടെ അഭിപ്രായങ്ങളെ തള്ളിക്കളായാന്‍ ബി.ജെ.പി ഒരുക്കമല്ല.
തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം ബി.ജെ.പിയുടെ ഭവനസന്ദര്‍ശന പരിപാടിയുടെ ഭാഗമായി എല്‍.ഡി.എഫിന്‍റെയും യു.ഡി.എഫിന്‍റെയും രാഷ്ട്രീയ സമീപനങ്ങളിലെ ആര്‍ജവമില്ലായ്മ പരമാവധി ജനങ്ങളിലേക്കെത്തിക്കുന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് നിര്‍ദ്ദേശം.