കേരളത്തിന്‍റെ എയിംസില്‍ പ്രസ്താവന യുദ്ധം. ആലപ്പുഴയോ തൃശൂരോ വേണമെന്ന് സുരേഷ് ഗോപി. ആലപ്പുഴയില്‍ വരട്ടേയെന്ന് കെ.സി.വേണുഗോപാല്‍. കാസര്‍കോട് വേണമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍. കോഴിക്കോട്ട് വേണമെന്ന് എല്‍.ഡി.എഫ് സര്‍ക്കാരും ബി.ജെ.പി. നേതാവ് എം.ടി.രമേശും. കേന്ദ്രം തീരുമാനിക്കുമെന്ന് വി.മുരളീധരന്‍.ആര് പറയുന്നത് കേള്‍ക്കും കേന്ദ്രസര്‍ക്കാര്‍. ?
കാലങ്ങളായി കേരളത്തിന്‍റെ സ്വപ്നമാണ് എയിംസ്. കോഴിക്കോട് സ്ഥലം കണ്ടെത്തി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചു. പക്ഷേ, കേരളത്തില്‍ ലോക്സഭയിലേക്ക് ആദ്യമായി അക്കൗണ്ട് തുറന്ന എം.പിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി പറയുന്നു. എയിംസ് വേണ്ടത് ആലപ്പുഴയിലോ തൃശൂരിലോ ആണെന്ന്. കോഴിക്കോട്ടുക്കാരനായ ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ് പറയുന്നു കോഴിക്കോട്ട് വേണമെന്ന്. കോഴിക്കോട്ടുക്കാരന്‍ തന്നെയായ വി.മുരളീധരന്‍ പക്ഷേ, പാര്‍ട്ടി നിലപാട് പറഞ്ഞു. നേതാക്കളുടേത് വ്യക്തിപരമായ അഭിപ്രായങ്ങളായി കണ്ടാല്‍ മതി.
ബി.ജെ.പിയില്‍ തന്നെ കണ്‍ഫ്യൂഷനാണ്. ഇതിനിടയില്‍ , കോണ്‍ഗ്രസിലും എയിംസില്‍ രണ്ടഭിപ്രായം. എവിടെ അനുവദിച്ചാലും സംസ്ഥാന സര്‍ക്കാര്‍ സ്ഥലം കണ്ടെത്തി കൊടുക്കണം. അപ്പോള്‍ പിന്നെ, ആരു പറയുന്നത് കേള്‍ക്കും. കേരളത്തിന്‍റെ കിട്ടേണ്ട എയിംസ് പരസ്പരം പോരടിച്ച് കളയുമോ എന്നാണ് നവമാധ്യമങ്ങളില്‍ ഉയരുന്ന കമന്‍റ്.