ആഗോള അയ്യപ്പസംഗമം ഭക്തജനങ്ങളെ കബളിപ്പിക്കാനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള കപടഭക്തിയാണിത്. ശബരിമലയില്‍ എന്താണ് ചെയ്തതെന്ന് ജനങ്ങള്‍ക്കറിയായാം. സര്‍ക്കാര്‍ വര്‍ഗീയവാദികള്‍ക്ക് ഇടമുണ്ടാക്കിക്കൊടുക്കുകയാണ്.പ്രചാരണബോര്‍ഡില്‍ മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും മാത്രമാണുള്ളതെന്നും സതീശന്‍ പറഞ്ഞു.
ശബരിമല മാസ്റ്റർ പ്ലാൻ നടപ്പാക്കാൻ കഴിഞ്ഞ ഒമ്പത് വർഷമായി സർക്കാർ നടപടിയെടുത്തിട്ടില്ല. പദ്ധതിക്കായി കൈമാറേണ്ട 10കോടിരൂപ ഇനിയും നല്‍കിയിട്ടില്ല. ഭക്തരുടെ വിശ്വാസത്തെ പരിഹസിക്കുന്ന നിലപാടാണ് സര്‍ക്കാരിന്‍റേത്. ശബരിമലയുടെ വികസന പ്രവർത്തനങ്ങൾ എണ്ണി പറയുമ്പോഴും അവിടെ യാതൊരു പുരോഗതിയുമില്ലെന്നും സതീശന്‍ വിമര്‍ശിച്ചു.
കോണ്‍ഗ്രസ് സ്ത്രീത്വത്തെ അപമാനിക്കുന്നെന്ന ഇടത് നേതാക്കളുടെ പ്രതികരണത്തിനുമുണ്ടായിരുന്നു മറുപടി. സ്ത്രീകള്‍ക്കെതിരായ പരാമര്‍ശം തുടങ്ങിയത് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ്. ഉമ്മന്‍ചാണ്ടിയുടെ മകളെ അപമാനിച്ചതിന് ഒരു നടപടിയുമുണ്ടായില്ല. ആന്തൂരിലെ സാജൻ ആത്മഹത്യയിൽ നഗരസഭയെ പ്രതിയാക്കേണ്ടതാണ്. വനിതാ മാധ്യമ പ്രവർത്തകരെ ലക്ഷ്യമിട്ടുണ്ടായ സൈബർ ആക്രമണ പരാതികളില്‍ നടപടി ഉണ്ടായില്ല. എല്ലാത്തിനും വര്‍ഗീയ നിറം കൊടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സതീശന്‍ പറഞ്ഞു