കെ.ജെ.ഷൈന് എതിരായ പ്രചാരണത്തില്‍ നിയമപോരാട്ടമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ബോംബ് ഇതുപോലെ ആകുമെന്ന് കരുതിയില്ല. നാല് എം.എല്‍.എമാരെയും സംശയനിഴലില്‍നിര്‍ത്താന്‍ നോക്കിയെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ശനിയാഴ്ച പാലക്കാട്ട് എത്തുമ്പോള്‍ സിപിഎം തടയുമോ എന്ന ചോദ്യത്തിന്, ഞങ്ങള്‍ തടയാനൊന്നും ഉദ്ദേശിക്കുന്നില്ല എന്നായിരുന്നു ഗോവിന്ദന്റെ മറുപടി. കേരളത്തിലെ സാംസ്‌കാരിക ജീര്‍ണതയുടെ പ്രതീകമായി രാഹുല്‍ മാറിയിട്ടുണ്ടെന്നും ആ മുഖം ഇങ്ങനെ തന്നെ തുടര്‍ന്നുപോകുന്നതാണ് കേരളത്തെ സംബന്ധിച്ചിടത്തോളം ജനങ്ങള്‍ക്ക് ഓര്‍മിക്കാന്‍ നല്ലത് എന്നാണ് കരുതുന്നതെന്നും ഗോവിന്ദന്‍ പറഞ്ഞു. Also Read: ആര് വാതില്‍ ചവിട്ടിപൊളിച്ചു, എംഎല്‍എയെ കണ്ടിട്ടില്ല, വ്യക്തിഹത്യ ചെയ്യുന്നു; കെ.ജെ. ഷൈനിന്‍റെ ഭര്‍ത്താവ്
അതേസമയം, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ നേരത്തെ പൊട്ടിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ബോംബാണ് ഇപ്പോഴത്തെ അപവാദപ്രചാരണമെന്ന ആരോപണവുമായി സി.പി.എം. സൈബര്‍ ആക്രമണത്തില്‍ ആരോപണ വിധേയനും ആരോപണവിധേയയും ഭിന്നാഭിപ്രായം പറഞ്ഞ് വെട്ടിലായതോടെ പ്രതിരോധിക്കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ തന്നെ രംഗത്തെത്തി.
വിവാദത്തിന്‍റെ പിതൃത്വം സി.പി.എമ്മിനു തന്നെയെന്നു പറഞ്ഞ് ആക്രമണ മുന കൂര്‍പ്പിച്ചിരിക്കുയാണ് പ്രതിപക്ഷം. രാഹുല്‍ മാങ്കൂട്ടത്തില്‍ വിവാദത്തില്‍ നട്ടം തിരിഞ്ഞിരുന്ന കോണ്‍ഗ്രസ് എടുത്തെറിഞ്ഞ ബോംബാണ് പറവൂരിലേതെന്നാണ് എം.വി.ഗോവിന്ദന്‍ ആരോപിച്ചിരിക്കുന്നത്. ആസൂത്രണം പറവൂര്‍ കേന്ദ്രീകരിച്ചെന്നു പറഞ്ഞ ഗോവിന്ദന്‍ സതീശന്‍റെ അറിവില്ലാതെ സൈബര്‍ വിഭാഗം ഇങ്ങനെയൊരു നിലപാടെടുക്കുമോയെന്നും ചോദിച്ചു.
തിരഞ്ഞെടുപ്പടുത്തിരിക്കെ വന്നുചാടിയ വിഷയത്തെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണ് സി.പി.എമ്മും കോണ്‍ഗ്രസും. പ്രദേശീക തലത്തില്‍ നിന്ന വിഷയം മുഖ്യധാരയിലെയ്ക്കെത്തിയത് സൈബര്‍ ആക്രമണം മുന്‍ നിര്‍ത്തി കെ. ജെ. ഷൈന്‍ സമൂഹമാധ്യമത്തിലിട്ട കുറിപ്പോടെ. തങ്ങള്‍ക്കുനേരെ ഉയര്‍ന്ന ആരോപണങ്ങളെ നിരാകരിക്കുന്നതിനൊപ്പം, വിഷയത്തെ സിപിഎമ്മിലെ വിഭാഗീയയുടെ തുടര്‍ച്ചയാക്കിമാറ്റുന്നു കോണ്‍ഗ്രസ്.
ഇതിന് കരുത്തുപകര്‍ന്നതാകട്ടെ പ്രതിപക്ഷനേതാവിന് പങ്കുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്ന കെ.എന്‍ ഉണ്ണികൃഷ്ണന്‍റെ പ്രതികരണവും. ഈ പ്രതികരണം വന്നതോടെ അതുവരെ രാഹുല്‍ മാങ്കൂട്ടം വിഷയം മുനനിര്‍ത്തി പ്രതിപക്ഷ നേതാവിനെയും, കോണ്‍ഗ്രസിനെയും കടന്നാക്രമിച്ച സിപിഎം വിഷമവൃത്തത്തിലായിട്ടുണ്ട്. എല്ലാക്കാലത്തും എല്ലാം മറച്ചുവയ്ക്കാനാകില്ല എന്ന ഡിസിസി പ്രസിഡന്‍റെ മുനവച്ചവാക്കുകള്‍ കോണ്‍ഗ്രസ് വിഷയം വിട്ടുകളയുന്നില്ലെന്ന സൂചനയാണ്. എന്തായാലും വൈപ്പിനും പറവൂരും കടന്ന് തീപിടിച്ച രാഷ്ട്രീയ ചര്‍ച്ചയായി മാറിക്കഴിഞ്ഞു എംഎല്‍എയ്ക്കും സിപിഎം വനിതാ നേതാവിനും എതിരെയുള്ള ആരോപണവും സൈബര്‍ ആക്രമണവും.