ഇടത് എംഎൽഎയുമായി ബന്ധപ്പെടുത്തി ഉയർന്ന സൈബർ കുപ്രചരണത്തിനെതിരെ മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും വനിതാ കമ്മിഷനും പരാതി നൽകി സിപിഎം നേതാവ് കെ.ജെ.ഷൈൻ ടീച്ചർ. രാഷ്ട്രീയമായും വ്യക്തിപരമായും തകർക്കുക എന്ന ലക്ഷ്യംവച്ചുള്ള നെറികെട്ട ഭീരുത്വത്തിൻ്റെ രാഷ്ട്രീയത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് അവർ ഫെയ്സ്ബുക്കിൽ കുറിച്ചു. കഴിഞ്ഞ പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ എറണാകുളത്ത് സിപിഎം സ്ഥാനാർഥിയായിരുന്നു ഷൈൻ ടീച്ചർ.

സ്ത്രീകൾക്കെതിരെ മ്ലേച്ഛമായ കുപ്രചരണം നടത്തുന്നവർ അങ്ങേയറ്റം വികൃത മനസ്കരാണ്

പൊതുപ്രവർത്തകരായ സ്ത്രീകൾക്കെതിരെ മ്ലേച്ഛമായ കുപ്രചരണം നടത്തുന്നവർ അങ്ങേയറ്റം വികൃത മനസ്കരാണ്. സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുന്ന അപവാദങ്ങൾ മാനസികമായും സാമൂഹികമായും ഒരു വ്യക്തിയെ മാത്രമല്ല വേദനിപ്പിക്കുന്നത്, ജീവിത പങ്കാളിയെയും മക്കളെയും ബന്ധുക്കളെയും സ്നേഹിതരെയും സഹപ്രവർത്തകരെയും ഒക്കെയാണ്. സ്വന്തം നഗ്നത മറച്ചു പിടിക്കാൻ മറ്റുള്ളവരുടെ ഉടുതുണി പറിച്ചെടുക്കുന്ന രാഷ്ട്രീയ പാപ്പരത്തം അവസാനിപ്പിക്കാൻ ഇതിനു പിന്നിൽ പ്രവർത്തിച്ചവർ തയ്യാറാവണമെന്ന് ഷൈൻ ആവശ്യപ്പെട്ടു.

പൊതുപ്രവർത്തനം നടത്തുന്നത് സ്ത്രീകളുടെ കൂടി അവകാശമാണെന്ന ബോധ്യം വരുന്ന തരത്തിൽ പൊതുസമൂഹവും ഭരണകൂടവും ഇക്കാര്യത്തിൽ വേണ്ട ഇടപെടൽ നടത്തുമെന്ന വിശ്വാസമുണ്ടെന്ന് ഷൈൻ പറഞ്ഞു. ‘ഒരു കാരണവശാലും പൊതു പ്രവർത്തനരംഗത്ത് നിൽക്കുന്ന ഒരു സ്ത്രീയും ഭയപ്പെടരുത്. എത്രയോ പ്രയാസങ്ങളും അപവാദ പ്രചരണങ്ങളും നേരിട്ടവരാണ് നമുക്ക് മുമ്പേ സഞ്ചരിച്ചവർ. ഈ സാഹചര്യവും നാമൊരുമിച്ച് നേരിടും, മുന്നേറും.’ – ഫെയ്സ്ബുക് കുറിപ്പിൽ പറയുന്നു.

‘രാഷ്ട്രീയ പ്രവർത്തക, ജനപ്രതിനിധി, അദ്ധ്യാപക സംഘടനാ നേതാവ് എന്നീ തലങ്ങളിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന എന്നെക്കുറിച്ചും എൻ്റെ ജീവിത പങ്കാളിയെക്കുറിച്ചും കുറച്ചു ദിവസങ്ങളായി, വ്യക്തിപരമായും കുടുംബപരമായും തോജോവധം ചെയ്യുന്ന തരത്തിൽ വ്യാപകമായി വ്യാജപ്രചാരണങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ നടക്കുന്നുണ്ട്. ഒടുവിൽ ഒരു പത്രവും ഈ വ്യാജ പ്രചാരണം ഏറ്റെടുത്തിട്ടുണ്ട്. ആന്തരിക ജീർണ്ണതകൾ മൂലം കേരള സമൂഹത്തിന് മുന്നിൽ തല ഉയർത്താനാവാത്ത വലതുപക്ഷ രാഷ്ട്രീയത്തെ രക്ഷിക്കാനായി എൻ്റെ പേരും ചിത്രവും വെച്ച് അപമാനിക്കാൻ ശ്രമിച്ച വലതുപക്ഷ സാമൂഹ്യ മാധ്യമ ഹാൻഡിലുകൾക്കും മാധ്യമങ്ങൾക്കും എതിരെ ശേഖരിച്ചിട്ടുള്ള എല്ലാ തെളിവുകളും മുഖ്യമന്ത്രിക്കും ഡിജിപിക്കും കൈമാറും.’ – ഷൈൻ വ്യക്തമാക്കി.

ENGLISH SUMMARY:

Cyber defamation case is filed by K.J. Shine Teacher against online abuse. She has filed complaints with the Chief Minister, Police Chief, and Women's Commission against the cyber campaign linking her to a left MLA, vowing to confront the unethical politics legally and politically.