പാലക്കാട് എസ്.പി. ഓഫീസ് മാർച്ചുമായി ബന്ധപ്പെട്ട് നടന്ന സംഘർഷത്തിനിടെ കെ.എസ്.യു. സംസ്ഥാന ജനറൽ സെക്രട്ടറി ഗൗജ വിജയകുമാറിന്റെ മുഖത്ത് വനിതാ പൊലീസ് ഉദ്യോഗസ്ഥ അടിച്ചു. വടക്കാഞ്ചേരിയിൽ കെ.എസ്.യു. പ്രവർത്തകരെ മുഖംമൂടി ധരിപ്പിച്ച് കൊണ്ടുപോയ സംഭവത്തിൽ പ്രതിഷേധിച്ചാണ് കെ.എസ്.യു. പാലക്കാട് എസ്.പി. ഓഫീസിലേക്ക് മാർച്ച് നടത്തിയത്.
മാർച്ച് സംഘർഷത്തിൽ കലാശിക്കുകയും പൊലീസ് മൂന്ന് തവണ ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. ഇതിനിടെ ഗൗജ വിജയകുമാറിനെ അറസ്റ്റ് ചെയ്ത് നീക്കാൻ ശ്രമിക്കുന്നതിനിടയിലാണ് പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായത്. ഈ സംഘർഷത്തിനിടെ ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥ ഗൗജയുടെ മുഖത്തടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്.
പൊലീസ് തന്നെ വസ്ത്രം വലിച്ചു കീറിയെന്നും മുടിക്ക് കുത്തിപ്പിടിച്ചെന്നും ഗൗജ വിജയകുമാർ ആരോപിച്ചു. അതേസമയം, കെ.എസ്.യു. പ്രവർത്തകരുടെ ഭാഗത്തുനിന്ന് തല്ല് കിട്ടിയെന്ന് പൊലീസും പറയുന്നുണ്ട്. വനിതാ നേതാവിന്റെ മുഖത്ത് അടിയേറ്റ പാടുകൾ ഉണ്ടെന്നും കെ.എസ്.യു. നേതൃത്വം പറയുന്നു.
സമരക്കാരിയെ അറസ്റ്റ് ചെയ്യുന്നതിനിടെ അകാരണമായി മർദിച്ച പൊലീസിന്റെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയർത്തുമെന്ന് കെ.എസ്.യു. നേതാക്കൾ അറിയിച്ചു. വിഷയത്തിൽ കെ.എസ്.യു. പ്രതിഷേധം കൂടുതൽ ശക്തമാക്കാനാണ് സാധ്യത.