പൊലീസ് മര്‍ദനത്തില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തില്‍ സഭയില്‍ സുദീര്‍ഘമായ ചര്‍ച്ച. മുഖ്യമന്ത്രി സ്റ്റാലിന്‍ ചമയേണ്ടെന്നും ഇത് റഷ്യയല്ല, ജനാധിപത്യ കേരളമാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആഞ്ഞടിച്ചു. മുഖ്യമന്ത്രി ആഭ്യന്തര വകുപ്പിന്‍റെ ചുമതലയൊഴിയണമെന്നും ഇതുപോലെ മിണ്ടാതിരുന്ന മുഖ്യമന്ത്രി വേറെയുണ്ടോയെന്നും സതീശന്‍ ചോദ്യമുയര്‍ത്തി.
താന്‍ ജീവിച്ചത് സ്റ്റാലിന്‍റെ റഷ്യയില്‍ അല്ലെന്നും നെഹ്റുവിന്റെ കോണ്‍ഗ്രസ് ഭരണത്തിലായിരുന്നുവെന്നും മുഖ്യമന്ത്രി തിരിച്ചടിച്ചു. കമ്യൂണിസ്റ്റുകാരെ എത്ര ക്രൂരമായാണ് വേട്ടയാടിയത്. അത് സ്റ്റാലിനെ അനുകരിച്ചാണോ എന്നറിയില്ലെന്നും മുഖ്യമന്ത്രി തുറന്നടിച്ചു. കോണ്‍ഗ്രസ് ഭരണത്തില്‍ ആളുകളെ ലോക്കപ്പില്‍ ഇടിച്ചിടിച്ച് കൊല്ലുന്ന അവസ്ഥയുണ്ടായില്ലേ? ലോക്കപ്പില്‍ നിന്നിറക്കി വെടിവച്ചു കൊന്നില്ലേ? എന്നും മുഖ്യമന്ത്രി ചോദിച്ചു. പ്രകടനം നടത്താന്‍ പറ്റാത്ത കാലം കേരളത്തിലുണ്ടായിരുന്നുവെന്നും അന്നത്തെ പൊലീസ് നയം മാറ്റിയത് കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊലീസിലെ തെറ്റുകാരെ ഒരിക്കലും താന്‍ സംരക്ഷിക്കില്ലെന്നും എന്നാല്‍ കോണ്‍ഗ്രസ് അതല്ല ചെയ്തതെന്നും മുഖ്യമന്ത്രി ആരോപിച്ചു. യുഡിഎഫ് കാലത്ത് കേരളത്തിലെ തെരുവുകള്‍ ചോരക്കളമായിരുന്നുവെന്നും ബോംബ് സംസ്കാരം നാട്ടില്‍ കൊണ്ടുവന്നത് കോണ്‍ഗ്രസ് ആണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സുജിത്ത് കൊലപാതകിയല്ലെന്നും വല്ലവന്റെയും മക്കളല്ലേ എന്നതാണോ തല്ലിച്ചതയ്ക്കാനുള്ള ന്യായമെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ഡിവൈഎഫ്ഐ നേതാവിനെ കൊന്ന പൊലീസിനെ ന്യായീകരിക്കുകയാണെന്നും ടി.പി.കേസ് പ്രതികള്‍ക്ക് മദ്യം വാങ്ങി നല്‍കുന്നുവെന്നും സതീശന്‍ പറഞ്ഞു. സഭയിലിരിക്കുന്ന എത്ര പേര്‍ക്കെതിരെ കേസുണ്ട്. അവരെയെല്ലാം പൊലീസ് തല്ലിച്ചതയ്ക്കുകയാണോ എന്നും സതീശന്‍ ചോദിച്ചു. തന്‍റെ വീട്ടില്‍ പ്രതിഷേധക്കാര്‍ ഗുണ്ടാവിളയാട്ടം നടത്തി. അത് പൊലീസ് നോക്കി നിന്നു. പ്രതിഷേധക്കാര്‍ ഒരു ചെറുപ്പക്കാരന്‍റെ കരണത്തടിച്ചു. ഇതും പൊലീസ് നോക്കി നിന്നു. പേടിച്ചിട്ടാണെന്നും സിപിഎം നേതാക്കളെ പൊലീസിന് പേടിയാണെന്നും സതീശന്‍ ആരോപിച്ചു. അതിനിടെ കുന്നംകുളത്തെ പൊലീസുകാരെ പിരിച്ചുവിടുംവരെ പ്രതിപക്ഷം സമരം പ്രഖ്യാപിച്ചു. രണ്ട് എംഎല്‍എമാരാണ് തുടക്കത്തില്‍ സത്യഗ്രഹത്തിനിരിക്കുക.