കുന്നംകുളത്ത് പൊലീസിന്‍റെ കസ്റ്റഡി മര്‍ദനത്തിന് ഇരയായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സുജിത്ത് പ്രതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. എരുമപ്പെട്ടി–കുന്നംകുളം സ്റ്റേഷനുകളിലാണ് കേസെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ ആരോപണങ്ങള്‍ക്ക് തെളിവുണ്ടെന്നും വകുപ്പ് തല അന്വേഷണത്തില്‍ ഇക്കാര്യങ്ങള്‍ ബോധ്യമായെന്നും അദ്ദേഹം രേഖാമൂലം മറുപടി നല്‍കി. ആരോപണ വിധേയരായ ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാല്‍ താന്‍ ക്രിമനല്‍ അല്ലെന്നും രാഷ്ട്രീയക്കേസുകള്‍ മാത്രമാണ് തനിക്കെതിരെയുള്ളതെന്നും സുജിത്ത് മനോരമന്യൂസിനോട് പ്രതികരിച്ചു. എല്ലാം സമരം നടത്തിയതിലെ സംഘര്‍ഷക്കേസുകളാണെന്നും സുജിത്ത് പറഞ്ഞു.
അതേസമയം, സുജിത്തിനെ ക്രൂരപീഡനത്തിന് പൊലീസ് വിധേയനാക്കിയെന്നും വെള്ളം കൊടുക്കാതെ 45 തവണ മര്‍ദിച്ചെന്നും സഭയില്‍ അടിയന്തര പ്രമേയം അവതരിപ്പിക്കവേ റോജി എം.ജോണ്‍ പറഞ്ഞു. സുജിത്തിനെതിരെ എടുത്തത് കള്ളക്കേസ് ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കുറ്റക്കാരായ പൊലീസുകാരെ പുറത്താക്കണമെന്നും പ്രതിപക്ഷം ആവശ്യമുയര്‍ത്തി. പൊലീസ് അതിക്രമത്തില്‍ നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ച പുരോഗമിക്കുകയാണ്.
യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്‍റായ സുജിത്തിനെ 2023 ഏപ്രില്‍ അഞ്ചിനാണ് കുന്നംകുളം പൊലീസ് സ്റ്റേഷനിലെ എഐ ഉള്‍പ്പടെയുള്ളവര്‍ ക്രൂരമായി മര്‍ദിച്ചത്. വഴിയരികില്‍ നിന്ന തന്‍റെ സുഹൃത്തുക്കളെ പൊലീസ് ഭീഷണിപ്പെടുത്തുന്നത് കണ്ട് ചോദിക്കാനെത്തിയതായിരുന്നു സുജിത്ത്. മദ്യപിച്ച് പ്രശ്നമുണ്ടാക്കിയെന്നും പൊലീസിനെ ഉപദ്രവിക്കുകയും കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ചെയ്തുവെന്നും വ്യാജ എഫ്ഐആര്‍ ഇടാനും പൊലീസ് ലക്ഷ്യമിട്ടിരുന്നു. എന്നാല്‍ സുജിത്ത് മദ്യപിച്ചിട്ടില്ലെന്ന് മനസിലായതോടെ ചാവക്കാട് മജിസ്ട്രേറ്റ് കോടതി സുജിത്തിന് ജാമ്യം അനുവദിച്ചിരുന്നു.