തൃശ്ശൂർ വടക്കാഞ്ചേരിയിൽ കെ.എസ്.യു നേതാക്കളെ മുഖംമൂടി ധരിപ്പിച്ച വടക്കാഞ്ചേരി ഇൻസ്പെക്ടർ യു.കെ. ഷാജഹാനെ സ്ഥലം മാറ്റി. അദ്ദേഹത്തെ തിരുവനന്തപുരം പൊലീസ് ആസ്ഥാനത്തേക്കാണ് മാറ്റിയത്. എസ്.എഫ്.ഐ - കെ.എസ്.യു സംഘടനാ കേസിലെ പ്രതികളായ കെ.എസ്.യു നേതാക്കളെയാണ് മുഖംമൂടി ധരിപ്പിച്ച് വടക്കാഞ്ചേരി കോടതിയിൽ ഹാജരാക്കിയത്. കൊലക്കേസ് പ്രതികളെയും തീവ്രവാദികളെയും കൈകാര്യം ചെയ്യുന്നതുപോലെ കെ.എസ്.യു നേതാക്കളെ പൊലീസ് കൈകാര്യം ചെയ്തു എന്നാണ് കോൺഗ്രസിന്റെ ആക്ഷേപം.
കെ.എസ്.യു നേതാക്കളോടുള്ള വടക്കാഞ്ചേരി സ്റ്റേഷനിലെ ഇൻസ്പെക്ടർ ഷാജഹാന്റെ പ്രതികാരമാണെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. കെ.എസ്.യു നേതാക്കളുടെ വീട്ടിൽ അർദ്ധരാത്രി കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിന് ഷാജഹാനെതിരെ കെ.എസ്.യു പ്രക്ഷോഭം നടത്തിയിരുന്നു. ഇതിന്റെ പ്രതികാരമായി നേതാക്കളെ മുഖംമൂടി ധരിപ്പിച്ച് കോടതിയിൽ എത്തിച്ചു എന്നാണ് കോൺഗ്രസിന്റെ പരാതി. ക്രമസമാധാന ചുമതലയിൽ നിന്ന് ഷാജഹാനെ നീക്കണമെന്ന് സിറ്റി പൊലീസ് കമ്മീഷണർ റിപ്പോർട്ട് നൽകിയിരുന്നു. തിരുവനന്തപുരത്തേക്ക് ഷാജഹാനെ ഡി.ജി.പി വിളിപ്പിച്ചിട്ടുണ്ട്.
സംഘട്ടന കേസിൽ അറസ്റ്റിലായ കെ.എസ്.യു പ്രവർത്തകരെ മുഖംമൂടി ധരിപ്പിച്ച് കോടതിയിൽ ഹാജരാക്കിയത് വിവാദമായിരുന്നു. വടക്കാഞ്ചേരി കോടതി മജിസ്ട്രേറ്റും പോലീസിനെ രൂക്ഷമായി വിമർശിച്ചിരുന്നു. ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്ന് ജാഗ്രതക്കുറവുണ്ടായെന്ന വിമർശനമാണ് പോലീസിന്റെ തലപ്പത്തുമുള്ളത്. കുന്നംകുളത്ത് യൂത്ത് കോൺഗ്രസുകാരെ കസ്റ്റഡിയിൽ മർദ്ദിക്കുന്ന സമയത്ത് യു.കെ. ഷാജഹാൻ സ്റ്റേഷൻ ഹൗസ് ഓഫീസർ ആയിരുന്നു.