രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിലെത്തി. പ്രതിപക്ഷനേതാവ് വി.ഡി സതീശന്റെ നിലപാടിനെ അവഗണിച്ചാണ് രാഹുൽ സഭയിൽ എത്തിയത്. യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷൻ നേമം ഷജീർ രാഹുലിനെ അനുഗമിച്ചത് പാർട്ടിയിൽ ഒരു വിഭാഗത്തിൻ്റെ പിന്തുണയുടെ തെളിവായി. നാല് മുസ്ലിം ലീഗ് എംഎൽഎമാർ രാഹുലിനോട് സൗഹൃദം പങ്കുവെച്ചെങ്കിലും കോൺഗ്രസുകാർ ആരും അടുത്തേക്ക് ചെന്നില്ല.
നിയമസഭ തുടങ്ങി 18-ാം മിനിറ്റിൽ എംഎൽഎ ബോർഡില്ലാത്ത കാറിൻ്റെ മുൻ സീറ്റിലിരുന്ന് രാഹുൽ നിയമസഭയുടെ കവാടം കടന്നു. ചരമോപചാരം അർപ്പിച്ച് മുഖ്യമന്ത്രി പ്രസംഗിച്ചു കൊണ്ടിരിക്കെ, സഭയ്ക്കകത്തെത്തി പുതിയ സീറ്റിലിരുന്നു.
പ്രത്യേക ബ്ലോക്കിലായ രാഹുലിൻ്റെ അടുത്തേക്ക് കോൺഗ്രസുകാർ ആരും എത്തിയില്ല. എന്നാൽ ലീഗ് എംഎൽഎമാരായ ടി.വി. ഇബ്രാഹിം, നജീബ് കാന്തപുരം, യു.എ. ലത്തീഫ്, എ.കെ.എം. അഷ്റഫ് എന്നിവർ അടുത്തുചെന്ന് സംസാരിച്ചു. ഇതിനിടെ രാഹുലിന്റെ അടുത്ത് ഉദ്യോഗസ്ഥൻ കുറിപ്പ് എത്തിച്ചു. അത് വായിച്ച് മറുപടി നൽകിയതിന് പിന്നാലെ സഭാ ഹാളിൽ നിന്ന് പുറത്തേക്ക്. മാധ്യമങ്ങളോട് സംസാരിക്കാൻ തയ്യാറാകാതിരുന്ന രാഹുൽ, നേരെ പട്ടം ഭാഗത്തേക്ക് പാഞ്ഞു. അവിടുന്ന് തിരിച്ച് എംഎൽഎ ഹോസ്റ്റലിലേക്ക്.
കടുത്ത ലൈംഗികാരോപണങ്ങൾ ഉയർന്ന ഓഗസ്റ്റ് 21-ന് ശേഷം പുറത്തിറങ്ങിയ രാഹുലിന് സഭയിൽ വരുന്നതിന് തടസ്സമില്ലെങ്കിലും വിട്ടുനിൽക്കണമെന്നാണ് സതീശൻ ആഗ്രഹിച്ചത്. സഭ തുടങ്ങുന്നതിന് രണ്ടു മണിക്കൂർ മുമ്പ് രാവിലെ 7 മണിക്ക് പ്രഭാത നടത്തത്തിനിടെ മനോരമ ന്യൂസിന് നൽകിയ ഈ പ്രതികരണത്തിലും സതീഷിന്റെ നീരസം പ്രകടമായിരുന്നു.
സഭയിൽ മാത്രമല്ല വരും ദിവസങ്ങളിൽ മണ്ഡലത്തിലും സജീവമാകാനാണ് രാഹുലിന്റെ തീരുമാനം. സതീശനെ വെല്ലുവിളിച്ചുള്ള രാഹുലിന്റെ പോക്കിൽ ആരൊക്കെ എവിടെ നിലനിർത്തും എന്നതാണ് ഇനി കണ്ടറിയേണ്ടത്.