സിപിഎം നേതാവ് എം.കെ. കണ്ണനെതിരെ ഉയര്‍ന്ന സാമ്പത്തിക തട്ടിപ്പ് ആരോപണത്തില്‍ പരിഹാസവുമായി നടന്‍ ജോയ് മാത്യൂ. കപ്പലണ്ടി വിറ്റും കോടീശ്വരനാകാം എന്ന് പറഞ്ഞ് തുടങ്ങുന്ന പോസ്റ്റില്‍ 15 വര്‍ഷം കപ്പലണ്ടി വിറ്റാല്‍ ലഭിക്കുന്ന ലാഭത്തിന്‍റെ കണക്കുകളാണ് എഴുതിയിരിക്കുന്നത്. 

ഒരു കിലോ കപ്പലണ്ടിയില്‍ നിന്നും 250 രൂപ സമ്പാദിക്കാമെന്നും ഇത്തരത്തില്‍ പതിനഞ്ച് വര്‍ഷം പണിയെടുത്താല്‍ 11880000 രൂപ ലാഭം നേടാം എന്നുമാണ് ജോയ് മാത്യൂ തന്‍റെ പോസ്റ്റില്‍ പറയുന്നത്. പതിനഞ്ചു വര്ഷം കഠിനമായി കപ്പലണ്ടി വിറ്റാൽ ഏത് കണ്ണനും കോടീശ്വരനാകാം. കണ്ണേട്ടനോടൊപ്പം കപ്പലണ്ടിയോടൊപ്പം എന്നുകൂടി പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്. 

രണ്ട് മണിക്കൂറില്‍ ആറായിരത്തോളം പേരാണ് പോസ്റ്റിന് ലൈക്ക് ചെയ്തിരിക്കുന്നത്. ഒരു കിലോ കപ്പലണ്ടി 25 രൂപക്കും കിട്ടില്ല എന്നാണ് കമന്‍റ് ബോക്സിലെ പ്രധാന നിരീക്ഷണം. ഇത്രയും കഷ്ടപ്പെടേണ്ട കാര്യമില്ലെന്നും ഗള്‍ഫില്‍ ഒരു പാര്‍ട്ട് ടൈം ജോലിയും നാട്ടില്‍ പൊതുപ്രവര്‍ത്തനവും ഉണ്ടെങ്കില്‍ ഇതിലും കൂടുതല്‍ സമ്പാദിക്കാം എന്നുമൊക്കെ കമന്‍റുകളുണ്ട്. 

ഫെയ്സ്ബുക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

കപ്പലണ്ടി വിറ്റും കോടീശ്വരനാകാം 

ഇതാ കണക്കുകൾ 

കപ്പലണ്ടി കിലോയ്‌ക്ക്  25 രൂപ 

വറക്കുവാനുള്ള ചിലവ് 5 രൂപ 

ആകെ ചിലവ് 30 രൂപ 

ഒരു കിലോ കപ്പലണ്ടിയിൽ നുന്നും ഉൽപ്പാദിപ്പിക്കാവുന്ന പൊതികൾ 25

ഒരു പൊതിയുടെ വില 10രൂപ 

അപ്പോൾ അകെ വിറ്റുവരവ് 25x10=250രൂപ

ചിലവ് കഴിച്ചു ലാഭം 220 രൂപ 

ഒരു ദിവസം വിളിക്കാവുന്ന പാക്കറ്റുകൾ 250 

അപ്പോൾ വിറ്റുവരവ് 250x10=2500 രൂപ 

ചിലവ് 300

ലാഭം 2500-300=2200 രൂപ 

ഒരു മാസത്തെ വരവ് 2200x30=66000രൂപ 

ഒരു വര്ഷം 66000x12=792000/-രൂപ 

പതിനഞ്ചു വര്ഷം കൊണ്ട് കിട്ടുന്ന ലാഭം 792000x15=11880000/-

പതിനഞ്ചു വര്ഷം കഠിനമായി കപ്പലണ്ടി വിറ്റാൽ ഏത് കണ്ണനും കോടീശ്വരനാകാം 

കാര്യമറിയാതെ വെറുതെ പോക്രിത്തരം പറയരുത് 

കണ്ണേട്ടനോടൊപ്പം 

കപ്പലണ്ടിയോടൊപ്പം 💪

(നർമ്മബോധമില്ലാത്ത കമ്മികളെ കമന്റ് ബോക്സിൽ കാണാം 😂)