kerala-bjp-conflict

ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്‍റെയും ടീമിന്‍റെയും പ്രവർത്തന ശൈലിക്കെതിരെ പാർട്ടിയിൽ വിമർശനം. കമ്പനികളുടെ കോർപറേറ്റ് ശൈലിയിൽ താഴെത്തട്ടിലുള്ളവർക്ക് ടാർഗറ്റ് കൊടുക്കുന്ന രീതിക്കെതിരെ പാർട്ടി നേതൃയോഗത്തിൽ എതിർപ്പുയർന്നു. ഓവർലോഡ് താങ്ങാനാകാതെ പല മണ്ഡലം പ്രസിഡന്‍റുമാരും പദവി ഒഴിയുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായും നേതാക്കൾ ചൂണ്ടിക്കാട്ടി.

ടാർഗറ്റ് നൽകി, തങ്ങാവുന്നതിനുമപ്പുറം താഴേത്തട്ടിലുള്ള നേതൃത്വത്തെക്കൊണ്ട് പണിയെടുപ്പിക്കുന്നുവെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷനും ടീമിനും എതിരായ കുറ്റപ്പെടുത്തൽ. തദ്ദേശ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താൻ അടക്കം ഓൺലൈനായി ചേർന്ന നേതൃയോഗത്തിലാണ് വിമർശനമുയര്‍ന്നത്. സംസ്ഥാന നേതൃത്വം നിർദേശിച്ച കാര്യങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാത്ത മണ്ഡലം പ്രസിഡന്‍റുമാരെ മാറ്റേണ്ടിവരുമെന്ന് ജനറൽ സെക്രട്ടറിമാരായ എം.ടി .രമേശും എസ് സുരേഷും പറഞ്ഞതാണ് ഒരുവിഭാഗം നേതാക്കളെ ചൊടിപ്പിച്ചത്. 

ഓണവും ശ്രീകൃഷ്ണജയന്തിയും അടക്കം ആഘോഷങ്ങൾ മണ്ഡലം പ്രസിഡന്‍റുമാർക്കുമുണ്ടെന്ന് എല്ലാവരും ഓർക്കണമെന്ന് നേതാക്കള്‍ പറഞ്ഞു. താഴേത്തട്ടിൽ പ്രവർത്തിക്കുന്നവർക്കേ മണ്ഡലം പ്രസിഡന്‍റുമാരുടെ കഷ്ടപ്പാടുകൾ അറിയുകയുള്ളൂവെന്നും നേതൃത്വം റേഡിയോയെപ്പോലെ ആകരുതെന്നും കുറ്റപ്പെടുത്തല്‍. കേന്ദ്ര നേതൃത്വം നിർദേശിച്ച ശുചിത്വ യജ്ഞം, സംസ്ഥാന നേതൃത്വം പറയുന്ന ശിൽപശാലകൾ, വാർഡ് സമ്മേളനങ്ങൾ, സമാന്തര വേട്ടർ പട്ടിക തയ്യാറാക്കൽ തുടങ്ങി മണ്ഡലം പ്രസിഡന്‍റുമാർക്ക് പിടിപ്പത് പണിയുണ്ടെന്ന് ഓര്‍മ്മപ്പെടുത്തല്‍.

പലതും മണ്ഡലം പ്രസിഡന്‍റുമാർക്കും താങ്ങാവുന്നതിനപ്പുറമാണെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. പൊലീസ് അതിക്രമങ്ങൾക്കെതിരെ ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ പ്രതിഷേധപരിപാടി നടത്താൻ തീരുമാനിച്ചതിൽ ബിജെപി നേതൃത്വത്തിനെതിരെ പാർട്ടിയിൽ എതിർപ്പുയർന്നിരുന്നു. സംസ്ഥാന ബിജെപിയിൽ ധൂർത്താണെന്ന വിമർശനവും കഴിഞ്ഞ ദിവസം ഉയർന്നു. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾക്കൊരുങ്ങുന്ന ബിജെപിക്ക് ഈ ഭിന്നതകൾ തലവേദനയാകും.

ENGLISH SUMMARY:

Kerala BJP faces criticism. The party faces internal disputes over target-based working style, which poses challenges for the upcoming elections.