തൃശൂരിലെ വീഴ്ചയും പരാജയവും മൂടി വച്ച് സിപിഐ രാഷ്ട്രീയ-പ്രവർത്തന റിപ്പോർട്ട്. റിപ്പോർട്ടിലുള്ളത് ഒറ്റവരി പരാമർശം മാത്രമാണ്. ഭൂരിപക്ഷ ന്യൂനപക്ഷ വർഗീയത വളരുന്നതായും റിപ്പോർട്ടിലുണ്ട്. രാഷ്ട്രീയ- പ്രവർത്തന റിപ്പോർട്ടിന്റെ പൂർണരൂപം മനോരമ ന്യൂസിന് ലഭിച്ചു.
സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിക്കപ്പെട്ട റിപ്പോർട്ടിൽ തൃശൂരിലെ പാർലമെന്റ് തിരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് ഒറ്റ വരി പരാമർശം മാത്രമാണുള്ളത്. തൃശ്ശൂർ സിപിഐക്ക് നല്ല സ്വാധീനവും ബഹുജന അടിത്തറയുമുള്ള ജില്ലയാണെന്ന് റിപ്പോർട്ട് സാക്ഷ്യപ്പെടുത്തുന്നു. കേരളത്തിൽ ഹിന്ദുത്വ ആശയം ശക്തിപ്പെടുന്നതായും പാർലമെന്റ് തിരഞ്ഞെടുപ്പിൽ തൃശൂരിൽ ബിജെപിക്ക് ലഭിച്ച വിജയവും ചില അസംബ്ലി മണ്ഡലങ്ങളിലെ മേൽക്കൈയും ഇതിന് തെളിവാണെന്നും റിപ്പോർട്ടിൽ പറയുന്നു. Also Read: സര്‍ക്കാരിനെ തല്ലിയും തലോടിയും സിപിഐ പ്രവര്‍ത്തന റിപ്പോര്‍ട്ട്
ഇസ്ലാമിക തീവ്ര വർഗീയ ശക്തികളും കാസയും വർഗീയ ചേരിതിരിവിന് കേരളത്തിൽ ശ്രമം നടത്തുന്നുണ്ട്. ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും മതപരമായ വേർതിരിവിനാണ് ശ്രമിക്കുന്നത്. ഭൂരിപക്ഷ ന്യൂനപക്ഷ വർഗീയത ഒരുപോലെ എതിർക്കപ്പെടണം എന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. പി.പ്രസാദിനെ ഭാരതാംബ വിഷയത്തിൽ റിപ്പോർട്ട് അഭിനന്ദിക്കുന്നുണ്ട്. റിപ്പോർട്ടിന് മേലുള്ള ചർച്ചയിൽ വലിയ വിമർശനങ്ങൾ വരാൻ സാധ്യതയുണ്ട്.