CPI സംസ്ഥാന സമ്മേളനത്തിൽ നിന്നു തന്നെ മാറ്റി നിർത്തിയതിൽ രോഷം പരസ്യമാക്കി മുതിർന്ന നേതാവ് കെ. ഇ ഇസ്മായിൽ. അരനൂറ്റാണ്ടായി സമ്മേളനങ്ങളിൽ പങ്കെടുക്കുന്ന തന്നെ ആലപ്പുഴ സമ്മേളനത്തിൽ നിന്നു മാറ്റി നിർത്തിയതിന്റെ കാരണം വ്യക്തമാക്കണമെന്ന് കെ. ഇ മനോരമന്യൂസിനോട് പ്രതികരിച്ചു. സമ്മേളനം തുടങ്ങാൻ മണിക്കൂറുകൾ ശേഷിക്കെയാണ് ഇസ്മായിൽ അതൃപ്തി പരസ്യമാക്കിയത്..
1968 നു ശേഷമുള്ള എല്ലാ സമ്മേളനങ്ങളിലും പങ്കെടുത്തയാളാണ് കെ.ഇ ഇസ്മായിൽ. ഒരുകാലത്ത് പാർട്ടിയുടെ തന്നെ മുഖമായ നേതാവ്. രാഷ്ട്രീയജീവിതത്തിലെ നല്ല കാലത്തും പ്രതിസന്ധികാലത്തും സമ്മേളനങ്ങളിലും ചർച്ചകളിലും സജീവമായിരുന്ന ഇസ്മായിൽ ഇന്ന് കടുത്ത രോഷത്തിലാണ്. സമരഭൂമിയായ ആലപ്പുഴയിൽ നടക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സമ്മേളനത്തിലേക്ക് ഇസ്മായിലിനു ക്ഷണമില്ല. എന്ത് കൊണ്ട് തഴയപ്പെട്ടുവെന്ന ചോദ്യത്തിനു മറുപടി ഇങ്ങനെ.
ഇത്രകാലം പാർട്ടിക്കു വേണ്ടി പണിയെടുത്ത തന്നോട് പാർട്ടി ചെയ്തത് കടുത്ത അനീതിയാണ്. സമ്മേളനത്തിൽ നിന്ന് മാറ്റി നിർത്തിയതിൽ നിരാശയല്ല ദുഖമുണ്ട്. അഴിമതി ആരോപണമോ മറ്റോ തനിക്ക് നേരെയില്ല. ഈകാലം വരെ ജീവിച്ചത് കമ്യൂണിസ്റ്റുകാരനായിട്ടാണ്. സമ്മേളനത്തിൽ പങ്കെടുക്കുന്നതിൽ ആരോഗ്യ പ്രശ്നങ്ങളില്ല. എന്നിട്ടും എന്തിനാണ് അവഗണന എന്ന് അറിയുന്നില്ലെന്നും ഇസ്മായിൽ പറഞ്ഞു. നേരത്തേ ഇസ്മായിലിന്റെ നാടായ വടക്കഞ്ചേരിയിൽ വെച്ചു നടന്ന പാലക്കാട് ജില്ലാ സമ്മേളനത്തിലും മാറ്റി നിർത്തിയിരുന്നു. പാലക്കാട്ടെ നേതൃത്വത്തിന്റെ അഭിപ്രായം മാനിച്ചാണ് സംസ്ഥാന സമ്മേളനത്തിൽ നിന്ന് മാറ്റി നിർത്തിയതെന്നും വിവരമുണ്ട്. കഴിഞ്ഞ ദിവസം ആലപ്പുഴയിൽ ചെന്ന കെ.ഇ വലിയ ചുടുകാട് സന്ദർശിച്ചു മടങ്ങിയിരുന്നു. രാഷ്ട്രീയ ജീവിതത്തിൽ ഇതുവരെ ഏറ്റിട്ടില്ലാത്ത അപമാനത്തിന് ഇസ്മായിൽ ഏതു രീതിയിൽ മറുപടി കൊടുക്കുമെന്നാണ് ഇനി കാണേണ്ടത്.