mb-rajesh-vt-balram-3

വി.ടി. ബല്‍റാമിനെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി എം.ബി.രാജേഷ്. ബൽറാം സോഷ്യൽ മീഡിയവഴി തെറിക്കൂട്ടത്തെ വളർത്തിയെടുത്തെന്നും ബിഹാറിൽ തക്കം നോക്കിയിരുന്ന ബിജെപിക്ക് മനഃപൂർവം ആയുധം കൊടുത്തെന്നും എം.ബി.രാജേഷ്‌. ഇയാൾ കേരളത്തിലെ സാഹിത്യകാരൻമാരെ, എ.കെ.ജിയെ അപമാനിച്ചു. സാമൂഹ്യ മാധ്യമങ്ങളെ അന്തസുള്ള രാഷ്ട്രീയ വിമർശനത്തിന് ഉപയോഗിക്കാത്തയാളാണ്. കോൺഗ്രസിന്റെ ഡിജിറ്റൽ മീഡിയ തലവനാകാന്‍ ബല്‍റാമിന് എന്ത് യോഗ്യതയെന്നും എം.ബി.രാജേഷ് വിമര്‍ശിച്ചു. ബൽറാമിന്റെ സോഷ്യൽ മീഡിയ ഇടപെടലിന്റെ ചരിത്രം എന്തെന്നും മന്ത്രി എംബി രാജേഷ് ഫെയ്സ്ബുക്കിൽ കുറിച്ചു.

മന്ത്രി എം.ബി.രാജേഷിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

രാജ്യം ഉറ്റുനോക്കുന്ന ഒരു തെരഞ്ഞെടുപ്പ് ബിഹാറിൽ നടക്കുകയാണ്. എല്ലാ കുത്സിത തന്ത്രങ്ങളും പയറ്റിയിട്ടും ബി ജെ പിയാകെ അടിപതറി, അങ്കലാപ്പിലാണ്. ഇന്ത്യാ സഖ്യം ബിഹാറിനെ  ഇളക്കിമറിച്ച പ്രചാരണത്തിലൂടെ ആത്മവിശ്വാസത്തിന്റെ നെറുകയിലും. അപ്പോഴതാ, കേരളത്തിലെ കെ പി സി സി ഡിജിറ്റൽ മീഡിയാ വിഭാഗത്തിന്റെ വക ബി ജെ പിക്ക് ഒരു ആയുധം  ബിഹാറിലേക്ക് എറിഞ്ഞു കൊടുക്കുന്നു. ആയുധം കിട്ടിയ സന്തോഷം കൊണ്ട് ഞങ്ങൾക്ക് ഇരിക്കാൻ വയ്യേ എന്ന മട്ടിൽ അവർ അത് എടുത്തുപയോഗിക്കുന്നു. പ്രതിരോധത്തിലായ ഇന്ത്യാ സഖ്യത്തിന്റെ നേതാവ് തേജസ്വി യാദവ് തന്നെ കോൺഗ്രസ് മാപ്പ് പറയണമെന്ന് ആവശ്യപ്പെടുന്നു.  ഇന്ത്യാ സഖ്യത്തെ പിന്നിൽ നിന്ന് കുത്താൻ തക്ക സമയത്ത് ബി ജെ പിക്ക് ആയുധം കൊടുത്ത ആ പോസ്റ്റിൻ്റെ ഉദ്ദേശ്യമെന്തായിരുന്നു ?

അങ്ങനെയൊരായുധം ബി ജെ പിക്ക് കൊടുത്ത ഡിജിറ്റൽ മീഡിയാ വിഭാഗം തലവനെ മാറ്റിയതു കൊണ്ട് അതേൽപ്പിച്ച ആഘാതം തീരുമോ? സാമൂഹിക മാധ്യമങ്ങളെ ഒരിക്കലും അന്തസ്സുള്ള രാഷ്ട്രീയ വിമർശനത്തിന് ഉപയോഗിച്ച ചരിത്രമില്ലാത്ത ഒരാളെ ഡിജിറ്റൽ മീഡിയാ തലവനായി നിശ്ചയിച്ചതിന് പരിഗണിച്ച യോഗ്യത എന്തായിരുന്നിരിക്കണം? എന്താണ് ഇപ്പോൾ നീക്കം ചെയ്തയാളുടെ സോഷ്യൽ മീഡിയ ഇടപെടലിന്റെ ചരിത്രം?

അരങ്ങേറ്റം കുറിച്ചത് മഹാനായ എ കെ ജിയെ നീചമായി, മരണാനന്തര വ്യക്തിഹത്യ നടത്തിയായിരുന്നല്ലോ. പിന്നീട് ആരെല്ലാം? മലയാളികളുടെ പ്രിയ എഴുത്തുകാരി കെ.ആർ.മീരയെ വിളിച്ചത് എന്തായിരുന്നുവെന്ന് മറക്കാമോ? ബെന്യാമിനെ ? സ്വന്തം പാർട്ടി പ്രസിഡന്റായിരുന്ന മുല്ലപ്പള്ളിയേയും വി.എം.സുധീരനെയും സാമൂഹിക മാധ്യമങ്ങളിൽ കൈകാര്യം ചെയ്തത് എത്ര ഹീനമായായിരുന്നു. മുഖ്യമന്ത്രിയെ പിന്നെ നിരന്തരമായി അധിക്ഷേപിക്കലാണ്. ശ്രീ. ജി. സുകുമാരൻ നായരെ ആക്ഷേപിച്ചത് പെരുന്നയിലെ കോപ്പ് എന്നായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത്  എനിക്കെതിരായ അധിക്ഷേപം വാളയാർ കുട്ടികളുടെ കൊലയാളികളെ രക്ഷിച്ചവൻ എന്നായിരുന്നു.  ഒടുവിൽ സി ബി ഐ അന്വേഷിച്ച് സത്യം കോടതിയിൽ സമർപ്പിച്ചപ്പോഴും  അദ്ദേഹം സ്വന്തം അധിക്ഷേപങ്ങളെ ന്യായീകരിക്കാനാണ് ശ്രമിച്ചത്.  ആരെയാണ് വെറുതേ വിട്ടത്? വ്യക്തിഹത്യക്കും അധിക്ഷേപങ്ങൾക്കും നേതൃത്വം കൊടുക്കാനുള്ള  ഒരു തെറിക്കൂട്ടത്തെ വളർത്തിയെടുത്തു എന്നതായിരുന്നല്ലോ ഡിജിറ്റൽ മീഡിയ തലപ്പത്തിരുത്താനുള്ള യോഗ്യത? ഒടുവിൽ ആ 'യോഗ്യത'  ഹൈക്കമാൻഡിനു തന്നെ ബോധ്യമായി. 

ബിജെപിക്ക് എക്കാലത്തും ഉപയോഗിക്കാവുന്ന രാഷ്ട്രീയായുധം ഇതാദ്യമായാണോ കൊടുത്തത്? നോട്ട് നിരോധനത്തെ ഇന്ത്യയിലാദ്യം സ്വാഗതം ചെയ്ത് പോസ്റ്റിട്ട രാഷ്ട്രീയ ദാസ്യം  ചെയ്തതും ഇതേ നേതാവായിരുന്നില്ലേ? അന്ന് കോൺഗ്രസ് നേതൃത്വം തിരുത്തിയോ? മൻമോഹൻസിങ് Organised Loot and Legalised plunder എന്നു വിശേഷിപ്പിച്ച നോട്ട് നിരോധനത്തിനും മോദിക്കും കയ്യടിച്ച രാഷ്ട്രീയ അവിവേകം ഇപ്പോൾ നിർണായകമായ മറ്റൊരു സന്ദർഭത്തിൽ ആവർത്തിച്ചിരിക്കുന്നു.

കണ്ണിൽ കാണുന്ന വിയോജിപ്പുള്ള വ്യക്തികളെ മുഴുവൻ അധിക്ഷേപിക്കുന്നത് ശീലമാക്കിയ ആൾക്ക് ഡിജിറ്റൽ മീഡിയ തലവനായി സ്ഥാനക്കയറ്റം നൽകി പ്രോൽസാഹിപ്പിക്കുകയായിരുന്നോ ചെയ്യേണ്ടിയിരുന്നത്? ഇങ്ങനെ മനുഷ്യരെ മുഴുവൻ അപമാനിക്കരുതെന്ന് തിരുത്തുകയായിരുന്നില്ലേ ചെയ്യേണ്ടിയിരുന്നത്? രാഷ്ട്രീയ വിമർശനം അന്തസ്സുള്ള ഭാഷയിൽ മാത്രം നടത്താൻ ഉപദേശിക്കുകയല്ലേ ചെയ്യേണ്ടിയിരുന്നത്. ഒടുവിൽ ഒരു സംസ്ഥാനത്തെയും ജനതയേയും മുഴുവൻ അധിക്ഷേപിക്കേണ്ടി വന്നു ഹൈക്കമാന്റിന് കാര്യത്തിന്റെ ഗൗരവം തിരിച്ചറിയാൻ. വ്യക്തികളെ അധിക്ഷേപിക്കുന്നതിനേക്കാൾ എത്രയോ ഗുരുതരമാണല്ലോ ഒരു സംസ്ഥാനത്തെയും ജനതയേയും മുഴുവൻ അധിക്ഷേപിക്കുകയെന്നത്. പക്ഷേ ഒരു ചോദ്യം ഇപ്പോഴും അവശേഷിക്കുന്നു. നിർണായക സന്ദർഭങ്ങളിലെല്ലാം ബി ജെ പിക്ക് ആയുധം കൊടുക്കുന്നത് വെറും രാഷ്ട്രീയ അവിവേകം മാത്രമാണോ? എന്തായിരുന്നു ആ പോസ്റ്റിന്റെ യഥാർഥ ഉദ്ദേശ്യം?

ENGLISH SUMMARY:

Minister MB Rajesh has strongly criticized VT Balram, stating that he nurtured a culture of abuse through social media and deliberately handed a weapon to the BJP, which was struggling in Bihar. He added that Balram insulted Kerala’s literary figures and AKG. According to the minister, Balram never used social media for dignified political criticism. He also questioned the criteria behind appointing him as the Congress digital media head and pointed out the history of Balram’s social media interventions in a Facebook post.