Image Credit: Facebook/vtbalram

Image Credit: Facebook/vtbalram

കേന്ദ്രസര്‍ക്കാരിന്‍റെ ജിഎസ്ടി പരിഷ്കാരങ്ങള്‍ക്ക് പിന്നാലെ 'ബീഡിയിലും ബിഹാറിലും ബി'യുണ്ടെന്ന കേരള ഘടകത്തിന്‍റെ സോഷ്യല്‍ മീഡിയ പോസ്റ്റ് വിവാദത്തില്‍ വി.ടി.ബല്‍റാം സ്ഥാനമൊഴിയുന്നു. സോഷ്യല്‍ മീഡിയ വിങിന്‍റെ ചുമതലയാണ് ബല്‍റാം ഒഴിയുന്നത്. സ്ഥാനമൊഴിയാനുള്ള സന്നദ്ധത ബല്‍റാം അറിയിച്ചതായി കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് അറിയിച്ചു. കോണ്‍ഗ്രസിന്‍റെ സോഷ്യല്‍ മീഡിയ വിങ് ഉടന്‍ തന്നെ പുനഃസംഘടിപ്പിക്കും. 

അതേസമയം, സോഷ്യല്‍ മീഡിയ വിഭാഗത്തിന്‍റെ ചുമതലയൊഴിയാന്‍ താന്‍ നേരത്തെ തീരുമാനിച്ചിരുന്നതാണെന്നും ബിഹാര്‍–ബീഡി പോസ്റ്റുമായി ബന്ധമില്ലെന്നും ബല്‍റാം പറയുന്നു. ഡിജിറ്റല്‍ മീഡിയ സെല്‍ പുനഃസംഘടിപ്പിക്കാനുള്ള നിര്‍ദേശം നേരത്തേ നല്‍കിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

'ബിഹാറും ബീഡിയും തുടങ്ങുന്നത് ബി യില്‍ ആണെന്നും ഒരു പാപമായി ഇനി കണക്കാക്കാന്‍ കഴിയില്ലെന്നുമായിരുന്നു' കോണ്‍ഗ്രസ് കേരള ഘടകത്തിന്‍റേതായി സമൂഹമാധ്യമത്തില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റിലുണ്ടായിരുന്നത്. ബീഡിയുടെ ജിഎസ്ടി 28  ശതമാനത്തില്‍ നിന്നും 18 ശതമാനമായാണ് കുറച്ചത്. പോസ്റ്റിന് പിന്നാലെ വന്‍ വിമര്‍ശനം പാര്‍ട്ടിക്കുള്ളിലും ഇന്ത്യാസഖ്യത്തിലും ഉയര്‍ന്നു. ബിഹാറിനെ കോണ്‍ഗ്രസ് അവഹേളിച്ചെന്ന് ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി വിമര്‍ശിച്ചു. എഐസിസിയും കടുത്ത എതിര്‍പ്പാണ് സംസ്ഥാന നേതൃത്വത്തെ അറിയിയിച്ചത്. അനുചിതമായ പോസ്റ്റായെന്ന് ഇടതുപക്ഷവും വിമര്‍ശനം ഉയര്‍ത്തിയിരുന്നു. 

സംസ്ഥാനത്ത് രാഹുൽ ഗാന്ധിയും സഖ്യവും ഉണ്ടാക്കിയ മുന്നേറ്റത്തിന് മങ്ങലേൽപ്പിക്കുന്ന നീക്കമാണ് കേരളത്തില്‍ നിന്നുണ്ടായതെന്ന് കോണ്‍ഗ്രസിനുള്ളില്‍ തന്നെ വിമര്‍ശനം ഉയര്‍ന്നു. വോട്ടർ അധികാർ യാത്രയിലൂടെ ബിഹാറിൽ അനുകൂല തരംഗം ഉണ്ടാക്കാനായെന്ന് രാഹുൽ ഗാന്ധിയും തേജസ്വി യാദവും ഇന്ത്യാസഖ്യവും വിലയിരുത്തുമ്പോഴാണ് വിവാദ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. പ്രാദേശിക വികാരം വ്രണപ്പെടുത്തിയെന്ന് തേജസ്വി യാദവും പരസ്യമായി കുറ്റപ്പെടുത്തി. ക്ഷുഭിതനായാണ് തേജസ്വി സംസാരിച്ചതും

ENGLISH SUMMARY:

VT Balram's resignation stems from the controversy surrounding a social media post by the Kerala Congress. This post, related to Bihar and beedis, triggered criticism within the party and the India alliance.