രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയ്ക്കെതിരെ നടപടികളിൽ എ ഗ്രൂപ്പിന് രോഷം. കടുത്ത അച്ചടക്കനടപടി കുറ്റം ശരിവയ്ക്കും പോലെ മാറിയെന്ന് വിമർശനം. സമാന ആരോപണങ്ങൾ നേരിടുന്ന സി.പി.എം നേതാക്കൾക്കെതിരെ പൊലീസിൽ പരാതി നൽകുന്നത് തുടരാനും രാഹുൽ ക്യാംപ് തീരുമാനിച്ചു. അന്വേഷണം നടക്കും മുൻപ് വിധി കൽപ്പിക്കേണ്ടെന്ന് പ്രസ്താവനയുമായി കെ. മുരളീധരനും മുൻ നിലപാട് മയപ്പെടുത്തി.
കാളപെറ്റെന്ന് കേട്ടപ്പോൾ തന്നെ കയറെടുത്തു എന്നാണ് രാഹുൽ വിഷയത്തിൽ എ ഗ്രൂപ്പ് കുറ്റപ്പെടുത്തുന്നത്. രാഹുലിനെതിരായ ആരോപണങ്ങളിൽ ഒരു ഇര പോലും പരസ്യമായി രംഗത്തുവരികയോ പരാതി നൽകുകയോ ചെയ്തില്ല. പൊലീസ് കേസെടുത്തത് ആകട്ടെ മുഖ്യമന്ത്രിയുടെ പരസ്യപ്രസ്താവനക്ക് ശേഷമാണ്. ഈ സാഹചര്യത്തിൽ കടുത്ത നടപടികൾ ഒഴിവാക്കാമായിരുന്നു എന്നാണ് എ ഗ്രൂപ്പിന്‍റെ വാദം. തിരുവനന്തപുരം ഡിസിസി പ്രസിഡന്‍റ് പാലോട് രവിയുടെ ശബ്ദരേഖ വിവാദത്തിലും സ്വാഭാവിക നീതി നടപ്പായില്ലെന്ന് എ ഗ്രൂപ്പ് വിമർശിക്കുന്നു. രാഹുലിനെതിരെ കടുത്ത നടപടി ആവശ്യപ്പെട്ട കെ. മുരളീധരനും നിലപാട് മയപ്പെടുത്തിയതും അടൂർ പ്രകാശ് പിന്തുണച്ചതും പാർട്ടിക്കുള്ളിലെ മറുചർച്ചകളുടെ പ്രതിഫലനമായി.
നിയമസഭ സമ്മേളനത്തിൽ രാഹുൽ പങ്കെടുക്കണമെന്ന അഭിപ്രായമാണ് എ ഗ്രൂപ്പിന്. അതേസമയം കടകംപള്ളി മോഡൽ പരാതികൾ തുടരാനാണ് കോൺഗ്രസ് ക്യംപുകളുടെ തീരുമാനം. കടകംപള്ളി സുരേന്ദ്രനെതിരെ സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലിൽ പരാതി നൽകിയത് കോൺഗ്രസ് പ്രാദേശിക നേതാവാണ്. പരാതിയുണ്ടെങ്കിൽ അന്വേഷിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയുടെ ചുവടുപിടിച്ചാണ് പഴയ ആരോപണങ്ങൾ കോൺഗ്രസ് കുത്തിപ്പൊക്കുന്നത്.