വിവാദങ്ങളെ തുടർന്ന് മാറിനിൽക്കുന്ന യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട് സജീവമാക്കാൻ ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ നീക്കം. രാഹുൽ കൂടുതൽ കാലം മണ്ഡലത്തിൽനിന്ന് വിട്ടുനിന്നാൽ അത് പ്രതികൂലമായി ബാധിക്കുമെന്ന് വിലയിരുത്തലിനെ തുടർന്നാണ് ഈ നീക്കം.
രാഹുലിനെതിരായ ആരോപണങ്ങൾക്ക് ശേഷം ആദ്യമായാണ് ഷാഫി പറമ്പിൽ പാലക്കാട് എത്തുന്നത്. നഗരത്തിൽ എത്തിയ അദ്ദേഹം കെ.പി.സി.സി. ജനറൽ സെക്രട്ടറി സി. ചന്ദ്രന്റെ വീട്ടിൽ എ ഗ്രൂപ്പ് യോഗം ചേര്‍ന്നു.
ഔദ്യോഗിക പരിപാടികളിൽ പങ്കെടുത്താൽ രാഹുലിന് നേരെ ശക്തമായ പ്രതിഷേധം ഉയരാൻ സാധ്യതയുണ്ട്. അതിനാൽ, ക്ലബ്ബുകളുടെയും മറ്റ് അസോസിയേഷനുകളുടെയും പരിപാടികളിൽ പങ്കെടുപ്പിച്ച് രാഹുലിനെ മണ്ഡലത്തിൽ സജീവമാക്കാനാണ് കോൺഗ്രസിന്റെ പദ്ധതി.
രാഹുലിനെ തള്ളിപ്പറയേണ്ട സാഹചര്യമില്ലെന്നും, അദ്ദേഹത്തിനെതിരെയുള്ള കേസും നടപടികളും നിയമപരമായി നേരിടാമെന്നും യോഗത്തിൽ തീരുമാനമായി. നിലവിൽ ബി.ജെ.പി.യും സി.പി.എമ്മും രാഹുലിനെതിരെ പാലക്കാട് ശക്തമായ പ്രതിഷേധങ്ങൾ തുടരുകയാണ്.