.
സിപിഎമ്മിലെയും - ബിജെപിയിലെയും ഉന്നതരായ ചിലർക്കെതിരെ ഞെട്ടിക്കുന്ന കാര്യങ്ങൾ പുറത്തുവിടുമെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ വെളിപ്പെടുത്തലിൽ ഉറ്റുനോക്കി രാഷ്ട്രീയ കേരളം. വിഡിയുടെ മനസിൽ ആരാണ് എന്ന് അറിയാൻ ശ്രമിക്കുന്ന നേതാക്കളോട് വെയ്റ്റ് ആൻഡ് സീ സമീപനമാണ് സതീശൻ സ്വീകരിച്ചിട്ടുള്ളത്.
ബിജെപി ഉന്നത നേതാവിനെതിരെ കൂടുതൽ തെളിവുകൾ ശേഖരിച്ചു കൊണ്ടിരിക്കുന്ന സതീശൻ രാഷ്ട്രീയ എതിരാളികളുടെ തുടർ പ്രതികരണം അനുസരിച്ച് വെളിപ്പെടുത്തുമെന്ന നിലപാടിലാണ്. രാഹുൽ മാങ്കൂട്ടത്തിൽ വിവാദത്തിൽ ഇനി പരസ്യ പ്രതികരണങ്ങൾ വേണ്ടെന്നാണ് കോൺഗ്രസ് നിലപാട്. Also Read: പോക്സോ കേസ് പ്രതി ബിജെപി പാർലമെന്ററി ബോർഡിൽ?; പോരടിച്ച് സന്ദീപും ബിജെപിയും...
പ്രതിപക്ഷ നേതാവിന്റെ പ്രഖ്യാപനത്തിനു പിന്നാലെ, സന്ദീപ് വാരിയർ ‘കോർ കമ്മിറ്റി അംഗത്തിനെതിരെ നടപടിയെടുക്കുമോ’ എന്നു ചോദിച്ചതോടെ ബിജെപിക്കുള്ളിലും കൊണ്ടുപിടിച്ച ചർച്ച നടക്കുന്നുണ്ട്. ബിജെപിയിലായിരിക്കെ സന്ദീപിന്റെ കടുത്ത എതിരാളിയായിരുന്ന നേതാവിനെ തന്നെയാണ് അദ്ദേഹം ഉന്നമിട്ടതെന്നു സൂചനകളുണ്ട്. ഇവർക്കിടയിലെ പോര് അന്ന് ബിജെപിക്കു പുറത്തേക്കും വ്യാപിച്ചിരുന്നു. പരാതിക്കാരി ബിജെപി സംസ്ഥാന നേതൃത്വത്തിന് കഴിഞ്ഞ ദിവസം പരാതി നൽകിയെന്നു വിവരമുണ്ട്. കുടുംബപരമായ പ്രശ്നങ്ങൾ മാത്രമാണ് അതെന്നാണ് ബിജെപി കേന്ദ്രങ്ങളുടെ വിശദീകരണം.
‘സിപിഎമ്മുകാർ അധികം കളിക്കരുത്. ഞെട്ടിപ്പോകും’ എന്നാണ് പ്രതിപക്ഷ നേതാവിന്റെ മുന്നറിയിപ്പ്. ഒരു വനിതാനേതാവ് പാർട്ടിക്കു നൽകിയ പരാതിയെക്കുറിച്ച് രഹസ്യമായി ലഭിച്ച വിവരം പങ്കുവയ്ക്കുകയാണ് സതീശൻ ചെയ്തതെന്ന് കരുതുന്നവരുണ്ട്. പാർട്ടിനേതാവിനെതിരെയുള്ള ഈ പരാതി നേതൃത്വം അവഗണിച്ചെന്ന വിവരമാണു ലഭിച്ചതെന്നും പറയപ്പെടുന്നു. ഒരുപേടിയുമില്ലെന്ന മറുപടിയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നൽകിയത്.