തിരുവനന്തപുരം ഫോർട്ട് പൊലീസ് സ്റ്റേഷനിലെ കുപ്രസിദ്ധമായ ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ പൊലീസുകാരായ പ്രതികളെ വെറുതെവിട്ട് ഹൈക്കോടതി. അന്വേഷണത്തില്‍ സിബി‌ഐക്ക് ഗുരുതര വീഴ്ചയെന്ന് കോടതി നിരീക്ഷിച്ചു. രണ്ടു പൊലീസുകാരെ വധശിക്ഷയ്ക്ക് വിധിച്ച അപൂര്‍വ കേസിലാണ് കോടതി നടപടി. എസ്പി,ഡിവൈഎസ്പി, എഎസ്ഐ, സിപിഒ എന്നിവര്‍ പ്രതികളായിരുന്നു.  ഒന്നാം പ്രതി എഎസ്ഐ കെ. ജിതകുമാർ, രണ്ടാം പ്രതി സിപിഒ  എസ്.വി. ശ്രീകുമാർ എന്നിവർക്കാണ് തിരുവനന്തപുരം പ്രത്യേക സിബിഐ കോടതി വധശിക്ഷ വിധിച്ചിരുന്നത്. 

തിരുവനന്തപുരം നഗരത്തിലെ പാർക്കിൽനിന്നു മോഷണക്കേസ് പ്രതിയോടൊപ്പം കസ്റ്റഡിയിലെടുത്ത കിള്ളിപ്പാലം കീഴാറന്നൂർ കുന്നുംപുറം വീട്ടിൽ ഉദയകുമാർ (28) തുടയിലെ രക്തധമനികൾ പൊട്ടി 2005 സെപ്റ്റംബർ 27നു രാത്രി പത്തരയോടെയാണു മരിച്ചത്.

തദ്ദേശ തിരഞ്ഞെടുപ്പു ഫലപ്രഖ്യാപന ദിവസം മോഷണക്കുറ്റം ആരോപിച്ചു പിടികൂടിയ ഉദയകുമാറിനെ ക്രൂരമായ ലോക്കപ്പ് മർദനത്തിന് ഇരയാക്കി കൊന്നുവെന്നാണു സിബിഐയുടെ കണ്ടെത്തൽ. ആദ്യം ലോക്കൽ പൊലീസും പിന്നീടു ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് അട്ടിമറിക്കാൻ പൊലീസ് ശ്രമിക്കുന്നുവെന്ന പരാതിയുമായി പ്രഭാവതിയമ്മ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് 2008 ഓഗസ്റ്റിലാണു സിബിഐ ഏറ്റെടുത്തത്.

ENGLISH SUMMARY:

In the infamous Udayakumar custodial death case at Thiruvananthapuram Fort Police Station, the High Court has acquitted all accused policemen. The court observed that there were serious lapses in the CBI investigation. This was a rare case in which two policemen had earlier been sentenced to death. The accused included an SP, DySP, ASI, and CPO. The first accused ASI K. Jithakumar and the second accused CPO S. V. Sreekumar had been sentenced to death by the special CBI court in Thiruvananthapuram.