സസ്പെന്‍ഷന് ശേഷവും രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പ്രതിഷേധം തുടര്‍ന്ന് എല്‍.ഡി.എഫും ബി.ജെ.പിയും. പരിഹാസ രൂപത്തിലുള്ള പ്രതിഷേധങ്ങളാണ് സംസ്ഥാനത്തിന്‍റെ വിവിധയിടങ്ങളില്‍ അരങ്ങേറുന്നത്.
രാഹുലിനെ സ്ത്രീകളുടെ പൊതുശല്യമായി അവതരിപ്പിക്കുകയാണ് എസ്.എഫ്.ഐ. രാഹുലില്‍ നിന്ന് രക്ഷനേടാനുള്ള സ്വയം പ്രതിരോധ ക്ളാസ് ക്യാംപസുകള്‍ തോറും പഠിപ്പിച്ചുകൊണ്ടാണ് രാഹുലിന്‍റെ മണ്ഡലമായ പാലക്കാട് എസ്.എഫ്.ഐ പ്രതിഷേധം അവതരിപ്പിക്കുന്നത്.
അല്‍പം കൂടി കടന്ന ആക്ഷേപമാണ് യുവമോര്‍ച്ചയുടേത്. രാഹൂലിനെ വിത്തുകാളയായി അവതരിപ്പിച്ച് പ്രതിപക്ഷനേതാവിന്‍റെ ഔദ്യോഗിക വസതിയിലേക്ക് മാര്‍ച്ച്. വിത്തുകാളയെ കൊണ്ടുനടക്കുന്നത് വി.ഡി.സതീശനും ഷാഫി പറമ്പിലുമാണെന്നും ആക്ഷേപം. കാളയുമായുള്ള മാര്‍ച്ച് പൊലീസ് തടഞ്ഞപ്പോള്‍ സമരം അവസാനിച്ചത് ജലപീരങ്കി പ്രയോഗത്തില്‍.
രാഹുലിന്‍റെ പാലക്കാട്ടെ ഓഫീസിലേക്ക് ഇന്നും പ്രതിഷേധം. മാര്‍ച്ചായെത്തിയ ബി.ജെ.പിക്കാരെ പൊലീസ് തടഞ്ഞ് തിരിച്ചയച്ചു. രാഹുലിനെതിരെ ആരോപണം ഉന്നയിച്ച നടിയെ അധിക്ഷേപിച്ച വി.കെ.ശ്രീകണ്ഠന്‍ എം.പിയ്ക്കെതിരെ പാലക്കാട് ശ്രീകൃഷ്ണപുരം എന്‍ജിനീയറിങ് കോളജില്‍ എസ്.എഫ്.ഐ പ്രതിഷേധിച്ചു. രാജിവയ്ക്കും വരെ സമരമെന്നാണ് ഇടത്–ബി.ജെ.പി യുവജനസംഘടനങ്ങളുടെ പ്രഖ്യാപനം.