മനോരമ ന്യൂസ് കോണ്‍ക്ലേവ് വേദിയില്‍ അമിത് ഷായുടെ വാക്കുകള്‍ക്ക് തീപ്പൊരി മറുപടിക്ക് ശേഷം മുഖ്യമന്ത്രി വന്നിരുന്നത് നര്‍മം നിറഞ്ഞ മറുപടികള്‍ക്ക്. ഗൗരവം വേണ്ടിടത്ത് കുറയ്ക്കാതെ രസകരമായ മറുപടിയായിരുന്നു മുഖ്യമന്ത്രിയും ജോണി ലൂക്കോസും തമ്മിലുള്ള സംഭാഷണം. എണ്‍പതാം വയസിലും പാര്‍ട്ടിയെ തിരഞ്ഞെടുപ്പില്‍ നയിക്കുമോ എന്ന ജോണി ലൂക്കോസിന്‍റെ ആദ്യ ചോദ്യത്തിന് തമാശയോടെയായിരുന്നു മറുപടി. 'നിങ്ങള്‍ക്ക് എന്‍റെ ആരോഗ്യത്തിനോടുള്ള താല്‍പര്യം മനസിലായി, അതിന് നന്ദിയുണ്ട്' മുഖ്യമന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പ് സമയത്ത് ആരോഗ്യം കണക്കിലെടുത്ത് പ്രവര്‍ത്തിക്കും. എം.വി ഗോവിന്ദന്‍ പറഞ്ഞത് അങ്ങനെ കണ്ടാല്‍ മതിയാകുമെന്നും പാര്‍ട്ടിക്കുവേണ്ടി തിരഞ്ഞെടുപ്പില്‍ എന്നാലാകുന്നത് ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇരട്ട ചങ്കനും കരുത്തനായ നേതാവും എന്നെല്ലാം അണികള്‍ വിളിക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് പ്രായമായപ്പോള്‍ കരുത്ത് കുറഞ്ഞില്ലേ..എന്നൊരു മറുചോദ്യം മുഖ്യമന്ത്രി തിരിച്ചു ചോദിച്ചു. പാര്‍ട്ടിയില്‍ മുഖ്യമന്ത്രി ഒറ്റയ്ക്ക് തീരുമാനം എടുക്കുന്നല്ലോ എന്ന ചോദ്യത്തിന് ഇതിന് മറുപടി ഞാന്‍ നേരത്തെ പറഞ്ഞിരുന്നു എന്നാണ് മുഖ്യമന്ത്രിയുടെ മറുപടി. നിങ്ങള്‍ക്ക് ഒരു ചുക്കും അറിയില്ല എന്നതല്ലേ ആ മറുപടി എന്ന ജോണി ലൂക്കോസിന്‍റെ ചോദ്യത്തിന് 'യഥാര്‍ഥത്തില്‍ അതാണ് കാര്യം.. എന്ന മറുപടിയോടെ സദസിലും ചിരി.