സി.പി.എം പി.ബിയിൽ നിന്ന് കത്ത് ചോർന്ന വിവാദത്തിൽ ഉൾപ്പെട്ട വ്യവസായികളായ രാജേഷ് കൃഷ്ണയും മുഹമ്മദ് ഷർഷാദും തമ്മിൽ വ്യക്തിപരമായ പ്രശ്നങ്ങൾ നിലനിന്നതിന് തെളിവായി ശബ്ദരേഖ. ഇരുവരും തമ്മിലുള്ള ഫോൺ സംഭാഷണമാണ് പുറത്തുവന്നത്. രണ്ട് വർഷം മുൻപുള്ള സംഭാഷണം രാജേഷ് കൃഷ്ണയാണ് ഫേസ്ബുക്കിലിട്ടിരുന്നത്. വ്യക്തിപരമായ പ്രശ്നങ്ങൾ പറഞ്ഞ് തീർക്കാനായി ഷർഷാദ്, രാജേഷ് കൃഷ്ണയെ ക്ഷണിക്കുന്നതും ഇരുവരും തമ്മിൽ തർക്കിക്കുന്നതുമാണ് ശബ്ദരേഖയിലുള്ളത്. നേരത്തെ ഷർഷാദിൻ്റെ മുൻഭാര്യയും സംവിധായികയുമായ പി.ടി.റത്തീനയും ഇരുവരും തമ്മിലുള്ളത് വ്യക്തിപരമായ പ്രശ്നമെന്ന് പറഞ്ഞിരുന്നു
Also Read: കത്ത് ചോര്‍ന്നോയെന്ന് പറയേണ്ടത് പിബിയെന്ന് എളമരം; അല്‍പായുസെന്ന് പി.ജയരാജന്‍
ഇതിനിടെ കത്തുചോർച്ച വിവാദത്തിൽ പരാതിക്കാരൻ മുഹമ്മദ് ഷർഷാദിന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ വക്കീൽ നോട്ടീസ് അയച്ചു . ആരോപണം പിൻവലിച്ച് മൂന്നുദിവസത്തിനകം മാപ്പുപറയണമെന്നാണ് ആവശ്യം. എന്നാൽ വിവാദത്തിൽ ഇന്നും എം.വി.ഗോവിന്ദൻ പ്രതികരിച്ചില്ല. ആരോപണങ്ങൾ അസംബന്ധമെന്ന് ഇന്നലെ പറഞ്ഞൊഴിഞ്ഞ സി.പി.എം സംസ്ഥാന സെക്രട്ടറി ഇന്ന് വിഷയത്തിൽ പ്രതികരിച്ചില്ല. പാർട്ടിയെ ലക്ഷ്യമിട്ടുള്ള നീക്കമാണെന്നാണ് മറ്റു നേതാക്കളുടെ നിലപാട്. പിണറായി വിജയന്റെ ഭാഷ പ്രകാരം രാജേഷ് കൃഷ്ണ അവതാരമാണെന്ന് വി.ഡി.സതീശൻ പറഞ്ഞു.
പാർട്ടി സെക്രട്ടറിയായതിനാലാണ് എം.വി.ഗോവിന്ദനെ ലക്ഷ്യംവയ്ക്കുന്നതെന്ന് മന്ത്രി സജി ചെറിയാൻ പ്രതികരിച്ചു. കോടിയേരിയും പിണറായിയും ഇതുനേരിട്ടിട്ടുണ്ട്. ഷർഷാദിന്റെ ആരോപണത്തിൽ സി.പി.എം നേതാക്കൾക്ക് പങ്കില്ലെന്ന് എം.വി.ജയരാജനും വിവാദങ്ങൾക്ക് അൽപായുസ്സെന്ന് പി.ജയരാജനും പ്രതികരിച്ചു
കത്തുവിവാദത്തിൽ സി.പി.എമ്മിന് ഉത്തരം മുട്ടിയെന്ന നിലപാടിലാണ് പ്രതിപക്ഷം. രാജേഷ് കൃഷ്ണ അവതാരമാണെന്നും ദുരൂഹതയുണ്ടെന്നും വി.ഡി ആരോപിച്ചു. കൂടുതൽ അന്വേഷണം വേണമെന്ന് കേന്ദ്ര സർക്കാരിനോട് ബി.ജെ.പി സംസ്ഥാന നേതൃത്വം ആവശ്യപ്പെടുമെന്ന് എം.ടി. രമേശ് പറഞ്ഞു. മാധ്യമങ്ങളിൽ കണ്ട അറിവുമാത്രമേ വിഷയത്തെക്കുറിച്ചുള്ളുവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചു.