പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ അന്വേഷണത്തിന് മറുപടിയുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍. പൊലീസില്‍ തനിക്ക് ഒരുപാട് സുഹൃത്തുക്കളുണ്ട്. പ്രസംഗത്തിലെ പൊലീസിനെ മാത്രം തിരഞ്ഞാല്‍ മതിയോ എന്നും ശോഭ സുരേന്ദ്രന്‍ ചോദിച്ചു. പൊലീസിലെ ഒറ്റുകാരനെ തേടുന്നെന്ന മനോരമ ന്യൂസ് വാര്‍ത്തയ്ക്ക് പിന്നാലെയാണ് പ്രതികരണം. അതേസമയം, പ്രതിഷേധത്തിനിടെ ബി.ജെ.പിക്കാരെ കൈകാര്യം ചെയ്യുമെന്ന് ശോഭാ സുരേന്ദ്രനെ വിളിച്ചു പറഞ്ഞ പൊലീസുകാരനെ ഇതുവരേയും കണ്ടെത്താനായിട്ടില്ല.
‘വീട്ടില്‍ നിന്നിറങ്ങും മുമ്പ് ഫോണ്‍ വന്നു. ബി.ജെ.പിക്കാരെ കൈകാര്യം ചെയ്യാന്‍ തയാറായി നില്‍ക്കുകയാണ്. പനിയോ ചെവിയില്‍ അസുഖം ഉണ്ടെങ്കിലോ മുന്നില്‍ നില്‍ക്കേണ്ട. വെള്ളം ചീറ്റിക്കും. കേരള പൊലീസില്‍ 60 ശതമാനം പേരും മോദി ഫാന്‍സാണ്’ ശോഭാ സുരേന്ദ്രന്‍റെ തൃശൂരിലെ ഈ പ്രസംഗത്തിനു പിന്നാലെയാണ് ഒറ്റുകാരനായ പൊലീസിനെ കണ്ടെത്തണമെന്ന നിർദേശം രഹസ്യാന്വേഷണ വിഭാഗത്തിനു ലഭിച്ചത്.
പൊലീസ് സേനയിലെ ബി.ജെ.പി. അനുഭാവികളെയാണ് സംശയം. സി.പി.എം, കോണ്‍ഗ്രസ് അനുഭാവികളായ ഒട്ടേറെ പൊലീസ് ഉദ്യോഗസ്ഥര്‍ സേനയിലുണ്ട്. അതുപോലെ, ബി.ജെ.പി. അനുഭാവികളുടെ എണ്ണവും പൊലീസ് സേനയ്ക്കുള്ളില്‍ കൂടിയിട്ടുണ്ട്.