സിപിഎം നേതാക്കളുടെ സാമ്പത്തിക ഇടപാട് പരാമര്‍ശിച്ച് വ്യവസായി പോളിറ്റ് ബ്യൂറോയ്ക്ക് നല്കിയ പരാതി കത്ത് ചോര്‍ന്നു. കത്ത് ചോര്‍ത്തിയത് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍റെ മകന്‍ ശ്യാംജിത്ത് എന്ന് സംശയിക്കുന്നതായി പരാതിക്കാരനായ വ്യവസായി ബി ഷര്‍ഷാദ് വെളിപ്പെടുത്തി. സാമ്പത്തിക ഇടപാടുകളില്‍ ഇടനിലനിന്ന പാര്‍ട്ടി അംഗം രാജേഷ് കൃഷ്ണയ്ക്കെതിരെ മുഖ്യമന്ത്രിക്ക് കൊടുത്ത പരാതി തഴയപ്പെട്ടെന്നും ഇടപെട്ടത് പി ശശിയെന്നും ഷര്‍ഷാദ് ആരോപിച്ചു.
കഴിഞ്ഞ മന്ത്രിസഭയില്‍ അംഗങ്ങളായിരുന്നവര്‍ ഉള്‍പ്പെടെ സിപിഎം നേതാക്കള്‍ക്കെതിരെ സാമ്പത്തിക ഇടപാട് ആരോപണമുന്നയിച്ചാണ് പാര്‍ട്ടി അനുഭാവമുളള ചെന്നൈയിലെ വ്യവസായി ബി ഷര്‍ഷാദ് പോളിറ്റ് ബ്യൂറോയ്ക്ക് പരാതി നല്കിയത്. പാര്‍ട്ടി അംഗം രാജേഷ് കൃഷ്ണ ഇടപാടുകള്‍ക്കെല്ലാം ഇടനില നിന്നുവെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി. ലണ്ടന്‍ പ്രതിനിധി രാജേഷ് കൃഷ്ണയെ മധുര പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധി സ്ഥാനത്തു നിന്ന് മാറ്റിയെന്ന മാധ്യമ വാര്‍ത്തകള്‍ക്കെതിരെ രാജേഷ് ഡല്‍ഹി ഹൈക്കോടതിയില്‍ നല്കിയ മാനഷ്ടക്കേസില്‍ ഈ രേഖയും ചേര്‍ത്തതോടെയാണ് വിവാദം മുറുകുന്നത്. പിബിക്ക് കിട്ടിയ രഹസ്യ രേഖ ചോര്‍ന്നതെങ്ങനെ, ആരു ചോര്‍ത്തി , പരാതി എന്തിന് മാനനഷ്ടക്കേസിനൊപ്പം രേഖയാക്കി തുടങ്ങിയ ചോദ്യങ്ങളാണുയരുന്നത്. ചോര്‍ത്തിയത് എം വി ഗോവിന്ദന്‍റെ മകന്‍ ശ്യാംജിത്താണെന്ന് സംശയിക്കുന്നുവെന്നും രാജേഷും ശ്യംജിത്തും തമ്മില്‍ ഇടപാടുകളുണ്ടെന്നും പരാതിക്കാരനായ ഷര്‍ഷാദ് ആരോപിക്കുന്നു. മകനെതിരായ പരാതി എം വി ഗോവിന്ദന്‍ അവഗണിച്ചെന്നും ഷര്‍ഷാദ് മാധ്യമങ്ങളോട് പറഞ്ഞു.
കത്ത് ചോര്‍ന്നതെങ്ങനെയെന്ന് ചോദിച്ചും ശ്യാംജിത്തിന്‍റെ പങ്ക് വെളിപ്പെടുത്തിയും ഷര്‍ഷാദ് ജനറല്‍ സെക്രട്ടറി എം എ ബേബിക്ക് അയച്ച മെയിലും ചോര്‍ന്നു. രാജേഷ് കൃഷ്ണയ്ക്കായി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി ഇടപെട്ടെന്നും മുഖ്യമന്ത്രിക്ക് കൊടുത്ത പരാതി തഴയപ്പെട്ടെന്നും ഷര്‍ഷാദ് ആരോപണമുയര്‍ത്തുന്നു. മകന്‍ പി ബി രഹസ്യ രേഖ ചോര്‍ത്തിയെന്ന ആരോപണമുയരുമ്പോള്‍ പ്രതിരോധത്തിലാകുന്ന പാര്‍ട്ടി സെക്രട്ടറി എം വി ഗോവിന്ദന്‍ പ്രതികരിച്ചിട്ടില്ല.
കത്ത് സി.പി.എം മൂടിവച്ചത് എന്തുകൊണ്ടെന്ന് വി.ഡി.സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു. ആരോപണവിധേയന്‍ സി.പി.എം നേതാക്കളുടെ അടുത്തയാളാണ്. പി.ബിക്കു നല്‍കിയ കത്ത് എങ്ങനെ ഗോവിന്ദന്റെ മകന് കിട്ടിയെന്ന് വ്യക്തമാക്കണം. മകന്റെ പങ്ക് സംസ്ഥാന സെക്രട്ടറി പറയട്ടെ. റിവേഴ്സ് ഹവാല ഉള്‍പ്പെടെ തട്ടിപ്പുകള്‍ തെളിഞ്ഞെന്നും മുഖ്യമന്ത്രി മറുപടി പറയണമെന്നും വി.ഡി.സതീശന്‍ പറഞ്ഞു.