വോട്ടുചേര്‍ക്കല്‍, ഇരട്ടവോട്ട് വിവാദങ്ങള്‍ക്കിടെയാണ് കേന്ദ്രമന്ത്രി സുരേഷ്ഗോപി തൃശൂരിലെത്തിയത്. വന്ദേഭാരത് എക്സ്പ്രസില്‍ തൃശൂര്‍ റയില്‍വേ സ്റ്റേഷനിലെത്തിയ സുരേഷ്ഗോപിക്ക് ബി.ജെ.പി. പ്രവര്‍ത്തകര്‍ വന്‍ സ്വീകരണമൊരുക്കി. വന്‍ പൊലീസ് സുരക്ഷയിലാണ് മന്ത്രി സ്റ്റേഷനില്‍നിന്ന് പുറത്തിറങ്ങിയത്. ഇന്നലെ തൃശൂരിലെ ക്യാംപ് ഓഫിസിനുമുന്നിലെ സി.പി.എം–ബി.ജെ.പി സംഘര്‍ഷത്തില്‍ പരുക്കേറ്റ പാര്‍ട്ടിപ്രവര്‍ത്തകരെ അശ്വിനി ആശുപത്രിയിലെത്തി കണ്ട് സുരേഷ് ഗോപി. വിവാദങ്ങളില്‍ മാധ്യമങ്ങള്‍ക്ക് പരിഹാസമായിരുന്നു മറുപടി. ഇത്രത്തോളം സഹായിച്ചതിന് നന്ദിയെന്ന് സുരേഷ്ഗോപി പറഞ്ഞു.
അശ്വിനി ആശുപത്രിയില്‍ പ്രവര്‍ത്തകരെ സന്ദര്‍ശിച്ച ശേഷം തൃശൂരിലെ ക്യാംപ് ഓഫിസിലെത്തിയ സുരേഷ് ഗോപി, നേതാക്കളുമായി ആശയവിനിമയം നടത്തി. ക്യാംപ് ഓഫിസില്‍ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട സുരേഷ് ഗോപി കോതമംഗലത്ത് ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ചേക്കും. ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീയുടെ അങ്കമാലിയിലെ വീടും സുരേഷ് ഗോപി സന്ദര്‍ശിച്ചേക്കും.
അതേസമയം, മണ്ഡലം മാറി വോട്ട് ചെയ്തെന്ന് സ്വയം വെളിപ്പെടുത്തി സുരേഷ് ഗോപിയുടെ സന്തതസഹചാരി ബിജു പുളിക്കക്കണ്ടം. കോട്ടയം പാലാ നഗരസഭയിലെ പതിമൂന്നാം വാർഡ് മുരിക്കുംപുഴയിലെ വോട്ടറാണ് ബിജു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ താനും ഭാര്യയും തൃശ്ശൂർ പൂങ്കുന്നം സ്കൂളിലാണ് വോട്ട് ചെയ്തതെന്ന് ബിജു ഫെയ്സ്ബുക്കിൽ കുറിച്ചു. തൃശ്ശൂരിലെ വോട്ടർപട്ടികയിലേക്ക് കുടുംബത്തിലെ എല്ലാവരുടെയും വോട്ട് ചേർത്തെങ്കിലും ബിജുവിന്റെ മക്കൾ തൃശൂരിൽ വോട്ട് ചെയ്തില്ല. അന്ന് വോട്ട് ചെയ്ത് ഇറങ്ങിയപ്പോൾ എടുത്ത ചിത്രവും ബിജു സമൂഹമാധ്യമത്തിൽ പങ്കുവെച്ചു.
സുരേഷ് ഗോപിക്ക് പ്രതിരോധമൊരുക്കി ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. വിവാദങ്ങളില്‍ സുരേഷ് ഗോപിയല്ല പാര്‍ട്ടിയാണ് പ്രതികരിക്കേണ്ടതെന്ന് പ്രതികരണം. അറുപതിനായിരം കള്ളവോട്ടുകള്‍ ചേര്‍ത്തുവന്നാണ് യുഡിഎഫും എല്‍ഡിഎഫും ആരോപിക്കുന്നത്. ഇത് കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പോയി തൂങ്ങി ചത്തുകൂടേയെന്നും സുരേന്ദ്രന്‍ ചോദിച്ചു.