വോട്ട് കൊള്ള ആരോപണത്തെ തുടർന്ന് സംസ്ഥാന രാഷ്ട്രീയം കലുഷിതമാകുന്നു. തൃശൂരില്‍ കള്ളവോട്ട് നടന്നുവെന്ന ആരോപണം ഉയര്‍ത്തി സിപിഎമ്മും കോണ്‍ഗ്രസും വലിയ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. രാഹുൽ ഗാന്ധി ഉയർത്തിയ വോട്ടു ആരോപണത്തിൽ പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് ഇന്ന് കത്തയയ്ക്കൽ സമരം നടത്തും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയക്കുന്ന പ്രതീകാത്മക സമരം സംസ്ഥാന വ്യാപകമായി നടത്താനാണ് തീരുമാനം. അതേസമയം, പ്രതിരോധ നടപടികള്‍ക്കായി ബിജെപിയും രംഗത്തുണ്ട്.
തൃശ്ശൂരിൽ സുരേഷ് ഗോപിയുടെ ക്യാമ്പ് ഓഫിസിന് നേരെ നടന്ന ആക്രമണത്തിനെതിരെ ഇന്ന് ബിജെപി സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കും. എല്ലാ ജില്ലകളിലും മാർച്ച് നടത്താനാണ് തീരുമാനം. ഇന്നലെ വൈകിട്ട് നടന്ന പ്രതിഷേധത്തിനിടെ സിപിഎം പ്രവർത്തകരാണ് സുരേഷ് ഗോപിയുടെ ക്യാമ്പ് ഓഫിസിൽ ബോർഡിൽ കരിയോയിൽ ഒഴിച്ചത്. ഇതില്‍ പ്രതിഷേധിച്ച് സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലേക്ക് ബിജെപി നടത്തിയ മാര്‍ച്ച് അക്രമാസക്തമാകുകയും ഇരുപക്ഷത്തെയും അഞ്ചുപേര്‍ക്ക് വീതം പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
പ്രതിഷേധം കൊഴുക്കുന്നതിനിടെ കേന്ദ്രമന്ത്രി കൂടിയായ സുരേഷ് ഗോപി രാവിലെ ഒന്‍പതരയോടെ തൃശൂരില്‍ എത്തും. ഇന്നലെ രാത്രി രണ്ടേമുക്കാലോടെ ഡല്‍ഹിയില്‍ നിന്നും അദ്ദേഹം തിരുവനന്തപുരത്ത് എത്തിയിരുന്നു. മാധ്യമങ്ങള്‍ പ്രതികരണത്തിനായി കാത്തുനിന്നെങ്കിലും പ്രതികരിക്കാന്‍ സുരേഷ്ഗോപി തയാറായില്ല. തിരുവനന്തപുരത്തെ വസതിയില്‍ വിശ്രമിച്ച ശേഷം പുലര്‍ച്ചെ തൃശൂരിലേക്ക് തിരിച്ചു.